
വിമാനാപകടം: ഇൻഷുറൻസ് ക്ലെയിമുകൾ 4000 കോടി രൂപ കടക്കും
freepik.com
ചെന്നൈ: അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട ഇൻഷുറൻസ് ക്ലെയിമുകൾ 47.5 കോടി ഡോളർ (ഏകദേശം 4,091 കോടി രൂപ) വരെയാകാമെന്ന് റിപ്പോർട്ട്. ഇത് വിമാനത്തിന്‍റെ മൂല്യത്തിന്‍റെ 2.5 മടങ്ങിലധികം വരുമെന്ന് ഇന്ത്യയിലെ ഇൻഷുറൻസ് രംഗത്തെ പ്രമുഖരായ ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും ചെലവേറിയ ഇൻഷുറൻസ് ക്ലെയിമുകളിൽ ഒന്നായിരിക്കും അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട് ഉണ്ടാകുകയെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.
വിമാനത്തിന്‍റെ ബാധ്യത ഏകദേശം 12.5 കോടി ഡോളറും യാത്രക്കാരുടെ ബാധ്യത, മൂന്നാം കക്ഷി ബാധ്യത, മറ്റ് വ്യക്തിഗത ബാധ്യതാ ക്ലെയിമുകൾ ഏകദേശം 35 കോടി ഡോളറും ആയിരിക്കുമെന്നും ജിഐസി ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ രാമസ്വാമി നാരായണൻ പറയുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ടാറ്റാ ഗ്രൂപ്പ് ഒരുകോടി രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെയാണ് ഇൻഷുറൻസ് തുകകൂടി ലഭിക്കുക.
230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിനു സമീപം മേഘാനി നഗറിലെ ജനവാസമേഖലയിൽ തകർന്നുവീണത്.
അപകടത്തിന്‍റെ കാരണം ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷിച്ചുവരികയാണ്. യുകെയുടെ എയർ ആക്സിഡന്‍റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും യു.എസ്. നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡും (എൻടിഎസ്ബി) അന്വേഷണത്തിന് പിന്തുണ നൽകുന്നുണ്ട്.