
സ്വിച്ചുകൾ എങ്ങനെ ഓഫ് ആയി? മൂന്ന് സാധ്യതകൾ നിർണായകം
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. കോക്പിറ്റിലെ പൈലറ്റുമാർ തമ്മിലുള്ള സംഭാഷണമാണ് നിർണായകമായിരിക്കുന്നത്. അസാധാരണമായി ഓഫ് ആയിപ്പോയ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പത്തു സെക്കൻഡുകൾക്ക് ശേഷമാണ് വീണ്ടും ഓൺ ചെയ്തതെന്ന് കണ്ടെത്തി. എന്നാൽ സ്വിച്ച് ഓഫ് ആയത് എങ്ങനെയെന്നതിൽ വ്യക്തത ഇല്ല. ബോയിങ് 787 വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ അബദ്ധത്തിൽ ഓഫ് ആകാൻ ഇടയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. രണ്ടു സ്വിച്ചുകൾക്കും സംരക്ഷണ കവചമുണ്ട്. റൺ എന്നതിൽ നിന്ന് കട്ട് ഓഫ് എന്നതിലേക്ക് എത്താനായി സ്വിച്ചുകൾ ഉയർത്തി താഴോട്ട് വലിക്കണം.
അബദ്ധത്തിൽ സ്വിച്ചുകൾ ഓഫാകാതിരിക്കാനാണ് ഈ വിധത്തിൽ സ്വിച്ചുകൾ ഡിസൈൻ ചെയ്തത് പോലും. രണ്ട് എൻജിനുകളുടെ സ്വിച്ചുകൾ തമ്മിൽ മൂന്ന് ഇഞ്ചുകളുടെ ദൂരമുണ്ട്. അതു കൊണ്ടു തന്നെ അറിഞ്ഞു കൊണ്ടല്ലാതെ ഇവ രണ്ടും ഒന്നിച്ച് സ്വിച്ച് ഓഫ് ആകില്ലെന്നാണ് കരുതുന്നത്. എന്നാൽ ഒരു സെക്കൻഡിന്‍റെ ഇടവേളയിൽ രണ്ടു സ്വിച്ചുകളും ഓഫായതായാണ് റിപ്പോർട്ടിലുള്ളത്. സ്വിച്ചുകൾ ഓഫ് ആയെന്ന് കണ്ടെത്തിയ ഉടൻ തന്നെ പൈലറ്റുമാർ ഉണർന്നു പ്രവർത്തിച്ചുവെന്ന് ബ്ലാക്ക് ബോക്സിലെ ഡേറ്റയിൽ നിന്ന് വ്യക്തമാണ്. ഏകദേശം സ്വിച്ച് ഓഫ് ആയി പത്ത് സെക്കൻഡിനുള്ളിൽ തന്നെ വീണ്ടും സ്വിച്ച് ഓൺ ചെയ്തിട്ടുണ്ട്. എൻജിൻ ഒ പ്രവർത്തിച്ചു തുടങ്ങുകയും വേഗം കൈവരിക്കുകയും ചെയ്തു. എൻജിൻ 2 പ്രവർത്തിച്ചു തുടങ്ങിയെങ്കിലും വേഗം കൈവരിക്കാൻ സാധിച്ചില്ല. രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധനം നിന്നതോടെ റാം എയർ ടർബൈൻ (റാറ്റ്) പ്രവർത്തിച്ചു തുടങ്ങി. നിർണായക സന്ദർഭങ്ങളിൽ അടിയന്തരമായി വിമാനം പ്രവർത്തിക്കാനായി ക്ഷമത നൽകുന്നത് റാറ്റ് ആണ്. എന്നാൽ അതിന് ത്രസ്റ്റ് ഉണ്ടാക്കാൻ സാധിക്കില്ല. പറന്നുയർന്ന് അധികസമയമാകാഞ്ഞതിനാൽ വിമാനം പെട്ടെന്ന് തന്നെ ഭൂമിയിലേക്ക് പതിക്കുകയായിരുന്നു.
ഇന്ധന നിയന്ത്രണ സ്വിച്ചുകൾ എങ്ങനെ ഓഫ് ആയി എന്നതിൽ മൂന്നു സാധ്യതകളാണ് റിപ്പോർട്ട് മുന്നോട്ടു വയ്ക്കുന്നത്. അതിൽ ആദ്യത്തേത് മനുഷ്യരുടെ ഇടപെടൽ ആണ്. അതായത് കോക്പിറ്റിൽ ഉണ്ടായിരുന്നവർ അറിഞ്ഞോ അറിയാതെയോ സ്വിച്ചുകൾ ഓഫ് ചെയ്തിരിക്കാം. പക്ഷേ വോയ്സ് റെക്കോഡിൽ ഇരു പൈലറ്റുമാരും ഇക്കാര്യം സമ്മതിക്കുന്നില്ലെന്ന് വ്യക്തമാണ്.
രണ്ടാമത്തേത് സാങ്കേതിക പിഴവാണ്. അതായത് ഏതെങ്കിലും സാങ്കേതിക പ്രശ്നം മൂലം സ്വിച്ചുകൾ തനിയേ ഓഫ് ആയതാകാം. മൂന്നാമത്തേത് പുറത്തു നിന്നുള്ള ഘടകങ്ങളാണ്. സ്വിച്ചുകൾ ഓണായിരിക്കുമ്പോൾ തന്നെ ഇന്ധന വിതരണം നിലച്ചു പോകുന്ന സാഹചര്യം. പക്ഷേ അതിനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.