
ന്യൂഡൽഹി: റെയിൽ പാളങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയാൻ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയുമായി റെയ്‌ൽവേ. ആർട്ടിഫിഷ്യൽ ഇന്‍റലിൻസ് അധിഷ്ടിതമായി പ്രവർത്തിക്കുന്ന "ഗജരാജ് സുരക്ഷ'യാണ് വനമേഖലകളിലെ റെയ്‌ൽ പാതകളിൽ കാട്ടാനകൾക്കു സുരക്ഷയൊരുക്കാൻ സജ്ജമാക്കിയത്.
ട്രെയ്‌നുകളുടെ കൂട്ടിയിടി തടയാൻ ഉപയോഗിക്കുന്ന "കവച്' സംവിധാനത്തിന് ഏറെക്കുറെ സമാനമാണ് ഗജരാജ് സുരക്ഷ. വൈകാതെ ഇത് കേരള- തമിഴ്നാട് അതിർത്തിയിലെ വാളയാർ വനമേഖലയിലടക്കം പാളങ്ങളിൽ സജ്ജമാക്കും. പത്തുവർഷത്തിനിടെ ഇരുനൂറോളം കാട്ടാനകൾ വിവിധ സംസ്ഥാനങ്ങളിലായി ട്രെയ്‌ൻ ഇടിച്ച് ചരിഞ്ഞിരുന്നു. പൈലറ്റ് പ്രോജക്റ്റ് എന്ന നിലയില്‍ അസമിൽ കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി പരീക്ഷണങ്ങള്‍ക്കു ശേഷമാണ് പുതിയ സംവിധാനം ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്.
ആനത്താരകളിലൂടെ കടന്നുപോകുന്ന റെയ്ൽ പാളങ്ങളിലാണ് ഇതു സ്ഥാപിക്കുക. ഒപ്റ്റിക്കൽ ഫൈബർ കേബിളിലെ (ഒഎഫ്സി) സെൻസറുകൾ വഴിയാണ് ഗജരാജ് സുരക്ഷ പ്രവർത്തിക്കുന്നത്. ആനകളുടെ കാൽ പതിയുമ്പോഴുണ്ടാകുന്ന മർദവ്യതിയാനം 200 മീറ്റർ ദൂരെ നിന്ന് സെൻസറുകൾ ഒപ്പിയെടുത്ത് നിർമിത ബുദ്ധിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഉപകരണത്തിനു കൈമാറും. ഈ ഉപകരണം അലാം മുഴക്കും. ഇതോടെ, ബ്രേക്ക് പ്രവർത്തിപ്പിക്കാൻ ഡ്രൈവർക്ക് സാവകാശം ലഭിക്കും. വരും കാലങ്ങളില്‍ മറ്റ് ജീവികളുടെയും മനുഷ്യരുടെയും സാന്നിധ്യവും ഈ സംവിധാനം ഉപയോഗിച്ച് തിരിച്ചറിയാന്‍ സാധിക്കും.
ചെലവ് വളരെ കുറവാണെന്നതാണ് ഗജരാജ് സുരക്ഷയുടെ മുഖ്യ സവിശേഷത. ആനത്താരകളിലൂടെ കടന്നുപോകുന്ന 700 കിലോമീറ്റർ പാളത്തിൽ ഇതു ഘടിപ്പിക്കാൻ 181 കോടി രൂപ മാത്രമാണു ചെലവ്. എട്ടു മാസത്തിനുള്ളിൽ രാജ്യത്ത് ആനകൾ പാളം മുറിച്ചുകടക്കാനിടയുള്ള പാതകളിൽ പൂർണമായും ഗജരാജ് സുരക്ഷയൊരുക്കുമെന്നു റെയ്‌ൽ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അസം, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തിസ്ഗഡ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, കേരളം, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലാണ് ആനത്താരയിലൂടെ റെയിൽ പാത കടന്നുപോകുന്നത്.