എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു

3,500 മണിക്കൂറിലധികം പറക്കൽ പരിചയവും 20-ലധികം ഇനം വിമാനങ്ങൾ പറത്തിയ അനുഭവസമ്പത്തുമുള്ള ഫൈറ്റർ പൈലറ്റാണ് അദ്ദേഹം
Air Chief Marshal Ashutosh Dixit

എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

Updated on: 

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ചുമതലയേറ്റു. 3,500 മണിക്കൂറിലധികം പറക്കൽ പരിചയവും 20-ലധികം ഇനം വിമാനങ്ങൾ പറത്തിയ അനുഭവസമ്പത്തുമുള്ള ഫൈറ്റർ പൈലറ്റാണ് അദ്ദേഹം. ശനിയാഴ്ചയാണ് അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റത്.

43 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച എയർ ചീഫ് മാർഷൽ എ.പി. സിങ്ങിന്‍റെ പിൻഗാമിയായാണ് ദീക്ഷിത് എത്തുന്നത്. ചുമതല കൈമാറുന്നതിന് മുൻപ് ന്യൂഡൽഹിയിലെ റേസ് കോഴ്സ് എയർഫോഴ്സ് സ്റ്റേഷനിൽ എ.പി. സിങ്ങിന് വ്യോമസേന ഔദ്യോഗിക ഗാർഡ് ഓഫ് ഓണർ നൽകി.

ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച ദീക്ഷിത് തന്ത്രപരമായ ആസൂത്രണ മികവിന് പേരുകേട്ട വ്യക്തിയാണ്. പുതിയ ചുമതലയേൽക്കുന്നതിന് മുൻപ് വ്യോമസേനാ ഉപമേധാവിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.

നാല് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിൽ വിവിധ കമാൻഡ്, സ്റ്റാഫ്, പരിശീലന ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1966 ഡിസംബർ ഒമ്പതിന് ജനിച്ച ദീക്ഷിത് 1986 ഡിസംബർ ആറിനാണ് ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ വിഭാഗത്തിൽ കമ്മീഷൻ ചെയ്യപ്പെട്ടത്.

വൈസ് ചീഫായി ചുമതലയേൽക്കുന്നതിന് മുൻപ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാന്‍റെ കീഴിലുള്ള ഇന്‍റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവിയായി പ്രവർത്തിച്ചു. അതിന് മുൻപ് സെൻട്രൽ എയർ കമാൻഡിന്‍റെ എയർ ഓഫീസർ കമാൻഡിങ്-ഇൻ-ചീഫായിരുന്നു.

നാഷണൽ ഡിഫൻസ് അക്കാദമി, ബംഗ്ലാദേശിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളെജ്, നാഷണൽ ഡിഫൻസ് കോളെജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. മിറാഷ്-2000, മിഗ് ശ്രേണിയിലെ വിവിധ വിമാനങ്ങൾ, കിരൺ, ജാഗ്വാർ, ഐഎൽ-78, ഹോക്ക്, തേജസ് തുടങ്ങിയ വിമാനങ്ങൾ പറത്തിയ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. എക്സ്പിരിമെന്‍റൽ ടെസ്റ്റ് പൈലറ്റും ഫ്ലൈയിങ് ഇൻസ്ട്രക്റ്ററുമാണ്.

ഓപ്പറേഷൻ സഫേദ് സാഗർ, ഓപ്പറേഷൻ രക്ഷക്, ഓപ്പറേഷൻ സിന്ദൂർ തുടങ്ങി നിരവധി സൈനിക നീക്കങ്ങളിലും അഭ്യാസങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പടിഞ്ഞാറൻ മേഖലയിൽ മുൻനിര ഫൈറ്റർ എയർബേസിന്‍റെയും ദക്ഷിണ മേഖലയിൽ പ്രമുഖ ഫൈറ്റർ പരിശീലന കേന്ദ്രത്തിന്‍റെയും കമാൻഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.