

പക്ഷി ഇടിച്ചിട്ടില്ല; പൈലറ്റിന്‍റെ പിഴവുമല്ല...; ഗുജറാത്ത് വിമാനാപകടത്തിൽ പ്രാഥമിക DGCA റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഡയറക്റ്ററേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (DGCA) നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ റിപ്പോർട്ട് പുറത്തു വന്നു. അപകടത്തിനു കാരണം പക്ഷി ഇടിച്ചതോ, വിമാനത്തിന്‍റെ അമിതഭാരമോ അല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അന്വേഷണത്തിൽ പക്ഷി ഇടിച്ചതായോ അതിന്‍റെ ചത്ത ശരീരമോ കണ്ടെത്താനായിട്ടില്ല. വിമാനത്തിലെ ചില സീറ്റുകൾ ഒഴിഞ്ഞുകിടന്നതിനാൽ അമിതഭാരമല്ല അപകടത്തിനു കാരണമെന്നും വ്യക്തം. പൈലറ്റിനു പിഴവുണ്ടായിട്ടില്ല. അപകടത്തിനു മുൻപുള്ള കോക്ക്പിറ്റ് ക്രൂവിന്‍റെ പ്രവർത്തനങ്ങൾ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ പാലിച്ചു തന്നെയായിരുന്നു. അതിനാൽ അപകടം പൈലറ്റിന്‍റെ പിഴവ് മൂലമല്ലെന്നു മനസിലാകും.
കൂടാതെ, 2 എഞ്ചിനുകളും ഒരേസമയം തകരാറിലാകുന്നത് അസംഭവ്യമാണെന്നും അട്ടിമറിക്കുള്ള സാധ്യതയില്ലെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.
അതേസമയം, 12 വർഷത്തിലേറെയായി ലോകമെമ്പാടും 1,200 ഓളം വിമാനങ്ങൾ സർവീസുകൾ നടത്തിയിട്ടുണ്ടെങ്കിലും ബോയിങ് 787 ഉൾപ്പെട്ട ആദ്യത്തെ അപകടമാണിത് എന്നതും ശ്രദ്ധേയമാണ്.
സമഗ്രമായ അന്വേഷണം പൂർത്തിയാക്കിയ ശേഷം, അപകടത്തിന്‍റെ അന്തിമ കാരണങ്ങൾ ഡിജിസിഎ (DGCA), എയർക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (ABA), നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB), ബോയിങ് എന്നിവ വിശകലനം ചെയ്യും.
വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ, ബ്ലാക്ക് ബോക്സ് റെക്കോർഡിങ്‌സ്, ഫ്ലൈറ്റ് ഡേറ്റ, എയർ ട്രാഫിക് കൺട്രോൾ ലോഗ് എന്നിവ ലഭിച്ചതായും ഇതിന്‍റെയെല്ലാം പൂർണമായ സാങ്കേതിക, ഫൊറൻസിക് പരിശോധനയ്ക്കു ശേഷം മാത്രമേ അന്തിമ കാരണങ്ങളിലേക്ക് എത്തിച്ചേരാനാകൂ എന്നും അധികൃതർ വ്യക്തമാക്കുന്നു.