
ലാൻഡിങ്ങിനു പിന്നാലെ ഹൃദയസ്തംഭനം; എയർഇന്ത്യ എക്സ്പ്രസിലെ പൈലറ്റ് മരിച്ചു
ന്യൂഡൽഹി: ശ്രീനഗർ-ഡൽഹി എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ പൈലറ്റ് ഹൃദയസ്തംഭനം മൂലം മരിച്ചതായി റിപ്പോർട്ടുകൾ. ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലായിരുന്നു സംഭവം.
അടുത്തിടെ വിവാഹിതനായ 28 കാരനായ അർമാനാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ എയർ ഇന്ത്യ പുറത്തുവിട്ടിട്ടില്ല.
ദേശീയ മാധ്യമം പുറത്തു വിട്ട റിപ്പോർട്ടനുസരിച്ച് ലാൻഡിങ്ങിനു പിന്നാലെ പൈലറ്റ് വിമാനത്തിനുള്ളിൽ ഛർദിച്ചു. ഉടൻ തന്നെ വൈദ്യ സഹായം നൽകിയെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
''ആരോഗ്യ പ്രശ്നങ്ങളാൽ ഒരു സഹപ്രവർത്തകൻ ഞങ്ങളെ വിട്ടു പോയതിൽ അഗാധമായി ഖേദിക്കുന്നു. കുടുംബത്തിനെ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ വലിയ നഷ്ടത്തിൽ അദ്ദേഹത്തിന്‍റെ കുടുംബത്തിന് ഞങ്ങളെക്കൊണ്ട് സാധ്യമായ എല്ലാ സഹായവും നൽകുന്നതായിരിക്കും. ഈ സാഹചര്യത്തിൽ സ്വകാര്യതയെ മാനിക്കാനും അനാവശ്യമായ ഊഹാപോഹങ്ങൾ ഒഴിവാക്കാനും ഞങ്ങൾ അഭ്യർഥിക്കുന്നു''- എയർഇന്ത്യ പുറത്തു വിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു.