

കാനഡയിലേക്കുള്ള എയർ ഇന്ത്യ വിമാനം മാറിപ്പോയി യാത്ര പാതിവഴിയിൽ അവസാനിപ്പിച്ച് ഡൽഹിയിൽ തിരിച്ചിറക്കി
Representative image
ന്യൂഡൽഹി: കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മാറിപ്പോയതിനെ തുടർന്ന് 9 മണിക്കൂറിന് ശേഷം ഡൽഹിയിൽ തിരിച്ചിറക്കി. കാനഡയിൽ ഇറങ്ങാൻ നിയമപരമായ അനുമതിയുള്ള വിമാനത്തിന് പകരം മറ്റൊരു വിമാനം അബദ്ധത്തിൽ ഉപയോഗിച്ചതാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്ന് എയർ ഇന്ത്യ അറിയിച്ചു.
എഐ 185 വിമാനം ഡൽഹിയിൽ നിന്ന് വ്യാഴാഴ്ച രാവിലെ 11.34 നാണ് യാത്രക്കാരുമായു പറന്നു ഉയർന്നത്. ഗൾഫ് സംഘഷമേഖല ഒഴിവാക്കി കിഴക്കോട്ടുള്ള റൂട്ടിൽ സഞ്ചരിക്കുന്നതിനിടെ കുൻമിങ്ങിന് സമീപം ചൈനീസ് വ്യോമാതിർത്തിയിൽ പ്രവേശിപ്പപ്പോഴാണ് കാനഡയിൽ പറക്കാൻ വിമാനത്തിന് അനുമതിയില്ലെന്ന് എയർലൈൻ അധികൃതർ തിരിച്ചറിഞ്ഞത്. തുടർന്ന് വിമാനം തിരികെ ഡൽഹിയിലേക്ക് തിരികെ പറക്കുകയായിരുന്നു.
തുടർന്ന് വിമാനം സുരക്ഷിതമായി ഡൽഹിയിൽ ലാൻഡ് ചെയ്തു. കാനഡയിലേക്കുള്ള സർവീസുകൾക്കായി ബോയിങ് 777-300ER എന്ന വിമാനം ഉപയോഗിക്കാനാണ് എയർ ഇന്ത്യക്ക് നിലവിൽ അനുമതിയുള്ളത്. എന്നാൽ ഈ യാത്രയ്ക്കായി ഉപയോഗിച്ചത് ബോയിങ് 777-200LR എന്ന വിമാനമായിരുന്നു. കാനഡയിൽ ഈ വിമാനം ഇറക്കാൻ പ്രത്യേക അനുമതിയില്ലാത്തതിനാലാണ് വിമാനം പാതിവഴിയിൽ മടങ്ങിയത്. വിമാനം തിരികെ ഇറക്കിയതിലും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിനും എയർഇന്ത്യ ഖേദം പ്രകടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ യാത്രക്കാരേ മറ്റൊരു വിമാനത്തിൽ വാൻകൂവറിലേക്ക് അയച്ചതായി എയർ ഇന്ത്യ അറിയിച്ചു.