
ന്യൂഡല്‍ഹി: നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ എയർ ഇന്ത്യയുടെയും നേപ്പാൾ എയർലൈൻസിന്റെയും വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. കഴിഞ്ഞ 24നാണു സംഭവം. കൃത്യസമയത്ത് ലഭിച്ച സന്ദേശങ്ങള്‍ പ്രകാരം പൈലറ്റുമാരുടെ സമയോചിതമായ ഇടപെട്ടതിനാലാണു വന്‍ ദുരന്തം വഴി മാറിയത്.
വീഴ്ചവരുത്തിയതിന് എയര്‍ ട്രാഫിക് കണ്ട്രോളര് വിഭാഗത്തിലെ രണ്ടു ജീവനക്കാരെ നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി (സിഎഎന്‍) സസ്പെന്‍ഡ് ചെയ്തതായി വക്താവ് ജഗന്നാഥ് നിരൗള അറിയിച്ചു. രണ്ട് വിമാനങ്ങളും റഡാറില്‍ തൊട്ടടുത്തെത്തിയപ്പോഴായിരുന്നു എടിസി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.
വെള്ളിയാഴ്ച രാവിലെ മലേഷ്യയിലെ ക്വലാലംപുരില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്നു നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം. ന്യൂഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് എത്തുകയായിരുന്നു എയര്‍ ഇന്ത്യ വിമാനം. നേപ്പാള്‍ വിമാനം 15,000 അടി ഉയരത്തിലായിരുന്നു. എയര്‍ ഇന്ത്യ വിമാനം 19000 അടിയില്‍ നിന്ന് താഴേക്ക് ഇറങ്ങാനുള്ള ശ്രമത്തിലായിരുന്നു. വിമാനങ്ങൾ അടുത്തടുത്താണെന്നു റഡാറില്‍ തെളിഞ്ഞതോടെ നേപ്പാള്‍ വിമാനം 7000 അടിയിലേക്ക് താഴ്ത്തുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി മൂന്നംഗ അന്വേഷണ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സംഭവത്തിൽ എയര്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല.