
ന്യൂഡൽഹി: ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു.
വിമാന യാത്രാ നിരക്കിനു പരിധി നിശ്ചയിക്കണമെന്നാണ് ആവശ്യം. നിരക്ക് തീരുമാനിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് അധികാരം നല്കുന്ന ഇന്ത്യന്‍ വ്യോമ നിയമത്തിലെ ചട്ടം -135 നെ ചോദ്യം ചെയ്താണു ഹര്‍ജി. ഈ ചട്ടങ്ങള്‍ യാത്ര ചെയ്യാനുള്ള പൗരന്റെ അവകാശത്തിന്റെ ലംഘനമാണെന്നു ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാന കമ്പനികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണു കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നു കേരളാ പ്രവാസി അസോസിയേഷന് വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലാണ് നിരക്ക് ഏറ്റവും കൂടുതല്‍ ഉയരാറുള്ളത്.
വിമാന കമ്പനികളുടെ നടപടിക്കെതിരേ കേരള പ്രവാസി അസോസിയേഷന് ഡൽഹി ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇതില്‍ ഇടപെട്ടിരുന്നില്ല. പ്രവാസി അസോസിയേഷനു വേണ്ടി ചെയര്മാന് രാജേന്ദ്രന് വെള്ളപാലത്തും, പ്രസിഡന്റ് അശ്വനി നമ്പാറമ്പത്തുമാണു ഹര്‍ജിക്കാര്‍.