

ബിഹാറിലെ മുഴുവൻ കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്കെന്ന് സൂചന
പട്‌ന: ബിഹാറിൽ ആറ് കോൺഗ്രസ് എംഎൽഎമാർ എൻഡിഎയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. മകര സംക്രാന്തിയോടനുബന്ധിച്ച് തിങ്കളാഴ്ച പട്‌നയിലെ സദഖത്ത് ആശ്രമത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച ദഹി-ചുര വിരുന്നിൽ നിന്ന് വിട്ട് നിന്ന ആറ് കോൺഗ്രസ് എംഎൽഎമാരെ ചുറ്റിപ്പറ്റിയാണ് അഭ്യൂഹം.
പരിപാടിയിൽ നിരവധി മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും പങ്കെടുത്തെങ്കിലും സിറ്റിങ് എംഎൽഎമാരായ 6 പേരും പങ്കെടുത്തില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോൺഗ്രസ് എംഎൽഎമാർ ഔദ്യോഗിക പാർട്ടി പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഇത് രണ്ടാമത്തെ തവണയാണ്.
കഴിഞ്ഞയാഴ്ച തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയ കേന്ദ്രത്തിനെതിരേ പ്രതിഷേധമുയർത്തുന്നതിനെ ഭാഗമായി ചർച്ചയ്ക്കായി സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റ് രാജേഷ് റാം വിളിച്ചുചേർത്ത യോഗത്തിലും ആറ് എംഎൽഎമാരിൽ മൂന്ന് പേർ പങ്കെടുത്തിരുന്നില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് എംഎൽഎമാരുടെ ബിജെപി പ്രവേശനം സംബന്ധിച്ച വർത്തകൾ ഉയരുന്നത്.