
ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് ദിന പരേഡ് പൂർണമായി "സ്ത്രീകൾക്ക് സമ്മാനിക്കാൻ' കേന്ദ്ര സർക്കാർ. 2024ലെ റിപ്പബ്ലിക് ദിന പരേഡിൽ മാര്‍ച്ചിങ് സംഘങ്ങളും ബാന്‍ഡുകളും മുതല്‍ ടാബ്ലോ വരെ എല്ലാ പരിപാടികളിലും വനിതകൾ മാത്രം മതിയെന്നാണു സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം സായുധസേനാ വിഭാഗങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും നിർദേശം നൽകി. കർത്തവ്യപഥിൽ നടക്കുന്ന ചടങ്ങിൽ അഭിവാദ്യം സ്വീകരിക്കുന്ന രാഷ്ട്രപതിയും വനിതയെന്ന സവിശേഷതയും പരേഡിനുണ്ടാകും.
സൈന്യത്തിലും മറ്റ് മേഖലകളിലും സ്ത്രീ ശാക്തികരണം പ്രാതിനിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ തീരുമാനം.
ഏതാനും വർഷങ്ങളായി റിപ്പബ്ലിക്ക് ദിന പരേഡില്‍ സ്ത്രീ പ്രാതിനിധ്യം വർധിപ്പിച്ചിരുന്നു സർക്കാർ. 2015ല്‍ ആദ്യമായി മൂന്ന് സൈനിക സര്‍വീസുകളില്‍ നിന്ന് വനിതകൾ മാത്രമുള്ള സംഘം പരേഡിൽ അണിനിരന്നിരുന്നു. 2019ല്‍ കരസേനയുടെ ഡെയര്‍ഡെവിള്‍സ് ടീമിന്റെ ഭാഗമായി മോട്ടോർ ബൈക്ക് പ്രകടനം അവതരിപ്പിക്കുന്ന ആദ്യ വനിതാ ഓഫിസറായി ക്യാപ്റ്റന്‍ ശിഖ സുരഭി ചരിത്രം കുറിച്ചു.
2021ൽ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഭാവനാ കാന്ത് പരേഡിൽ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി.
കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിലെ പ്രധാന ആശയങ്ങളിലൊന്ന് നാരീശക്തി എന്നതായിരുന്നു. വ്യോമസേനയുടെ ഒരു കണ്ടിജെന്റിനെ നയിച്ചത് വനിതാ ഓഫിസറാണ്. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ത്രിപുര സംസ്ഥാനങ്ങളുടെ ടാബ്ലോകളും നാരീശക്തി പ്രമേയമാക്കുന്നതായിരുന്നു.