
അലഹാബാദ് ഹൈക്കോടതി
അലഹബാദ്: ബലാത്സംഗ ശ്രമവുമായി ബന്ധപ്പെട്ട കേസിൽ വിവാദ പരാമർശവുമായി അലഹബാദ് ഹൈക്കോടതി. സ്ത്രീകളുടെ മാറിടം സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ ശ്രമമായി കണക്കാക്കാനാവില്ലെന്നാണ് കോടതിയുടെ നിർദേശം. ബലാത്സംഗ ശ്രമവും ബലാത്സംഗം ചെയ്യാനുന്നുള്ള തായാറെടുപ്പും വിശദീകരിച്ചായിരുന്നു കോടതി നിരീക്ഷണം.
പീഡനശ്രമവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത പവൻ, ആകാശ് എന്നിവരെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തു. ബലാത്സംഗ ശ്രമം, പോക്സോ എന്നീ വകുപ്പുകളായിരുന്നു ഇവർക്കെതിരേ ചുമത്തിയിരുന്നത്. 2021 ലാണ് സംഭവം നടക്കുന്നത്.
ലിഫ്റ്റ് നൽകാമെന്നു പറഞ്ഞ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വാഹനത്തിൽ കയറ്റി യുവാക്കൾ ശരീരത്തിൽ സ്പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നെന്നായിരുന്നു കേസ്. വഴിയരികിലൂടെ പോയ ഒരാളാണ് രക്ഷിച്ചതെന്നും പരാതിയിൽ പറയുന്നു.
പരാതിയിൽ സമൻസയച്ച കീഴ്കോടതി നടപടിക്കെതിരേ യുവാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബലാത്സംഗം തെളിയിക്കാൻ വ്യക്തമായ തെളിവുകൾ ആവശ്യമാണ്. ബലാത്സംഗ ശ്രമവും തയാറെടുപ്പും രണ്ടും രണ്ടാണ്. ബലാത്സംശ്രമം കുറ്റാരോപിതർക്കുമേൽ ചുമത്തണമെങ്കിൽ അവർ തയാറെടുപ്പിൽ നിന്നും മുന്നോട്ടു പോയെന്നതിന്‍റെ തെളിവുകൾ വാദിഭാഗം തെളിയിക്കണമെന്നും കോടതി പറഞ്ഞു.