

രാംപൂർ സിആർപിഎഫ് ക‍്യാംപ് ആക്രമണം; പാക് പൗരന്മാർ അടക്കമുള്ള പ്രതികളുടെ വധശിക്ഷ റദ്ദാക്കി
അലഹബാദ്: ഉത്തർപ്രദേശിലെ രാംപൂരിൽ 2007ൽ സിആർപിഎഫ് ക‍്യാംപിനു നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പാക് പൗരന്മാർ ഉൾപ്പെടുന്ന പ്രതികളുടെ വധശിക്ഷ റദ്ദാക്കി. നാലു പ്രതികളുടെ വധശിക്ഷയാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് സിദ്ധാർഥ് വർമ, റാം മനോഹർ നരേൻ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്‍റെതാണ് നടപടി.
പ്രതികൾക്കെതിരേ ചുമത്തിയിരുന്ന കുറ്റം തെളിയിക്കുന്നതിൽ പ്രോസിക‍്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഷരീഫ്, സബാഹുദ്ദീൻ പാക്കിസ്ഥാൻ പൗരന്മാരായ ഇമ്രാൻ ഷെഹ്സാദ്, മുഹമ്മദ് ഫാറൂഖ് എന്നിവർക്ക് വിധിച്ച വധശിക്ഷയാണ് കോടതി റദ്ദാക്കിയിരിക്കുന്നത്.
2007ൽ എകെ 47 തോക്കുകളും ബോംബുകളും ഉപയോഗിച്ചായിരുന്നു സിആർപിഎഫ് ക‍്യാംപിനു നേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നിൽ ലഷ്കർ ഇ തൊയ്ബയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.