
ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല അല്ലാതെ ബദൽ മാർഗങ്ങൾ പരിശോധിക്കുന്നതിന് സമിതിയെ നിയോഗിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തൂക്കിക്കൊലയ്ക്ക് ബദൽ ആലോചിച്ചുകൂടേ എന്നു കോടതി തന്നെയാണ് മുൻപ് ആരാഞ്ഞത്.
സമിതിയിലെ അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ ശേഷിക്കുന്നുണ്ടെന്നും, അധികം വൈകാതെ ഇക്കാര്യത്തിൽ കൂടുതൽ വിശദമായ വിവരങ്ങൾ അറിയിക്കാമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് ജെ.ബി. പർദിവാലയും ഉൾപ്പെട്ട ബെഞ്ചിനെ അറ്റോർണി ജനറൽ ആർ. വെങ്കടരമണി അറിയിച്ചു.
അഭിഭാഷകൻ ഋഷി മൽഹോത്രയാണ് 2017ൽ ഇതു സംബന്ധിച്ച പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത്. തൂക്കിക്കൊലയ്ക്കു പകരം വേദന കുറഞ്ഞ രീതികൾ പരിഗണിക്കണമെന്നാണ് ആവശ്യം. വിഷം കുത്തിവയ്ക്കുക, വൈദ്യുതാഘാതമേൽപ്പിക്കുക, വെടിവച്ചു കൊല്ലുക, ഗ്യാസ് ചേംബർ ഉപയോഗിക്കുക തുടങ്ങിയ ബദൽ മാർഗങ്ങളാണ് ഹർജിയിൽ പരാമർശിച്ചിരിക്കുന്നത്.