

അമിത് ഷാ
file photo
ലഖ്നൗ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരായ 'ജനകീയ ഇംപീച്ച്മെന്റ്' പരിപാടിക്ക് മുന്നോടിയായി പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ പ്രത്യേക സമ്മേളനം വിളിക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെയുമാണ് അമിത് ഷാ ചർച്ചയ്ക്ക് വെല്ലുവിളിച്ചത്.
വെള്ളിയാഴ്ച ലഖ്നൗവിൽ നടന്ന ഉത്തർപ്രദേശ് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും ഈ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ വെല്ലുവിളിക്കുന്നതായും ബിജെപി അതിന് പൂർണമായും തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പാർലമെന്റിൽ ചർച്ച നടത്താൻ പ്രതിപക്ഷത്തിന് താൽപര്യമില്ലെന്നും സഭയുടെ പ്രവർത്തനം തടസപ്പെടുത്തുന്നതിനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആദ്യം 'മോക്ക് പാർലമെന്റ്' എന്ന പേരിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച പരിപാടിയാണ് പിന്നീട് 'ജനകീയ ഇംപീച്ച്മെന്റ്' എന്ന് പുനർനാമകരണം ചെയ്തത്. ജ്ഞാനേഷ് കുമാറിനെ യഥാർഥത്തിൽ ഇംപീച്ച് ചെയ്യുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി പ്രതിപക്ഷം നൽകിയ നോട്ടീസുകൾ നേരത്തെ തള്ളിയിരുന്നു.
വെള്ളിയാഴ്ച ഡൽഹിയിൽ പെയ്ത മഴയെ തുടർന്ന് നിശ്ചയിച്ച സമയത്തിന് രണ്ട് മണിക്കൂർ മുൻപ് പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. ശനിയാഴ്ച പരിപാടി നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ റാലിക്ക് മുന്നോടിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരേ (എസ്ഐആർ) ഒക്റ്റോബർ ആദ്യം മുതൽ ഇന്ത്യാ സഖ്യം പ്രതിഷേധം നടത്തിവരികയാണ്. ജ്ഞാനേഷ് കുമാറിന്റെ രാജി, എസ്ഐആർ നടപടികൾ നിർത്തിവയ്ക്കൽ, പരിഷ്കരണത്തിന് മുൻപുള്ള വോട്ടർപട്ടിക പുനഃസ്ഥാപിക്കൽ എന്നിവയാണ് പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ.
ബിജെപി ഹരിയാന, മഹാരാഷ്ട്ര, ബിഹാർ, ഡൽഹി, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങൾ പരാമർശിച്ച അമിത് ഷാ, പരാജയം അംഗീകരിക്കുന്നതിന് പകരം തെരഞ്ഞെടുപ്പ് കമ്മിഷനെ കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും ആരോപിച്ചു.