

അമിത് ഷാ
file photo
ബെംഗളൂരു: കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം. ഭക്ഷ്യവിഷബാധയെ തുടർന്നാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും അമിത് ഷാ സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക സന്ദർശനത്തിനിടെയാണ് സംഭവമുണ്ടായത്. ഹുബ്ബള്ളിയിൽ മെഡിക്കൽ കോളജ് കെട്ടിടം ഉദ്ഘാടനം ചെയ്യാനും ബെളഗാവിയിലുള്ള ശ്രീ ബീരേശ്വര കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടകത്തിനുമായാണ് അദ്ദേഹം എത്തിയത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ശനിയാഴ്ച നിശ്ചയിച്ചിരുന്ന രണ്ട് പരിപാടികളിലും അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.
വെള്ളിയാഴ്ച രാത്രി വൈകിയാണ് അമിത് ഷാ ഹുബ്ബള്ളിയിൽ എത്തിയത്. തുടർച്ചയായി ഛർദിയും കടുത്ത ശാരീരിക അസ്വസ്ഥതകളുമുണ്ടാവുകയായിരുന്നു. തുടർന്ന് ഡോക്‌ടർമാരുടെ നിർദേശപ്രകാരം അദ്ദേഹം ഹോട്ടൽ മുറിയിൽ വിശ്രമിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു. വിമാനത്താവളത്തിലേക്ക് തിരിച്ചു പോകുന്നതിനു മുൻപായി അദ്ദേഹം ഹുബ്ബള്ളി ക്യാമ്പസ് സന്ദർശിച്ചതായി ബിജെപി നേതാക്കൾ അറിയിച്ചു.