

അമിത് ഷാ
file photo
കോൽക്കത്ത: പശ്ചിമ ബംഗാളിലെ കോൽക്കത്തയിലെ ചോർബഗാൻ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പരുക്കേറ്റവരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച സന്ദർശിക്കും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച നിശ്ചയിച്ചിരുന്ന പൂജാ പരിപാടികൾ മാറ്റിവച്ചതിന് പിന്നാലെയാണ് സന്ദർശനം.
ശനിയാഴ്ച വൈകിട്ട് വടക്കൻ കോൽക്കത്തയിലെ ദുർഗാപൂജ പന്തലിലുണ്ടായ ദുരന്തത്തിൽ 19 പേർ മരിക്കുകയും 25 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മഴയ്ക്കിടെ ജനക്കൂട്ടം തിക്കിത്തിരക്കിയതാണ് അപകടത്തിന് കാരണമായത്.
രണ്ട് ദിവസത്തെ ബംഗാൾ സന്ദർശനത്തിനായി ശനിയാഴ്ച വൈകിട്ടാണ് അമിത് ഷാ കോൽക്കത്തയിലെത്തിയത്. പരുക്കേറ്റവർ ചികിത്സയിൽ കഴിയുന്ന മധ്യ കോൽക്കത്തയിലെ കോളെജ് സ്ട്രീറ്റിലുള്ള കോൽക്കത്ത മെഡിക്കൽ കോളെജ് ആശുപത്രി അദ്ദേഹം സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു.
കോൽക്കത്ത മെഡിക്കൽ കോളെജിലും എസ്എസ്കെഎം ആശുപത്രിയിലുമായി ചികിത്സയിലായിരുന്ന 14 പേരെ ഞായറാഴ്ച പുലർച്ചെ ഈസ്റ്റേൺ മെട്രോപൊളിറ്റൻ ബൈപാസിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരെയും അമിത് ഷാ സന്ദർശിച്ചേക്കും.
ദുരന്തത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി സംസാരിച്ചതായി അമിത് ഷാ എക്സിൽ കുറിച്ചിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം, പരുക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സാസൗകര്യങ്ങളും ഉറപ്പാക്കാൻ ഭരണകൂടം നടപടി സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
നേരത്തെയുള്ള പരിപാടിപ്രകാരം ഞായറാഴ്ച രാവിലെ ബേലൂർ മഠത്തിലെ രാമകൃഷ്ണ മിഷൻ ആസ്ഥാനം സന്ദർശിക്കാനും പിന്നീട് ഹൗറയിലെയും കോൽക്കത്തയിലെയും വിവിധ ദുർഗാപൂജ ആഘോഷങ്ങളിൽ പങ്കെടുക്കാനും അമിത് ഷാ തീരുമാനിച്ചിരുന്നു. വടക്കൻ കോൽക്കത്തയിലെ 250 വർഷത്തിലേറെ പഴക്കമുള്ള ശോഭാബസാർ രാജ്ബാരിയിലെ പൂജാ ചടങ്ങുകളിലും പങ്കെടുക്കാനും നിശ്ചയിച്ചിരുന്നു. തുടർന്ന് ഉച്ചയോടെ ഡൽഹിയിലേക്ക് മടങ്ങാനായിരുന്നു തീരുമാനം.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൂജാ സന്ദർശനങ്ങൾ റദ്ദാക്കിയ അമിത് ഷാ, പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചശേഷം ഡൽഹിയിലേക്ക് മടങ്ങുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ശനിയാഴ്ച അറിയിച്ചിരുന്നു.