ഗുസ്തിക്കാരെ മലർത്തിയടിക്കുന്ന 'ചാണക്യ തന്ത്രം'

മജിസ്ട്രേറ്റിനു മുന്നിൽ സെക്ഷൻ 164 പ്രകാരം നൽകുന്ന മൊഴി തെളിവിനു തുല്യമാണ്. ഇതു പിൻവലിച്ച്, ബ്രിജ് ഭൂഷണ് അനുകൂലമായി പുതിയ മൊഴി നൽകിയിട്ടുണ്ടെങ്കിൽപ്പോലും പോക്സോ കേസ് റദ്ദാക്കണമെന്നു നിർബന്ധമില്ല
ഗുസ്തിക്കാരെ മലർത്തിയടിക്കുന്ന 'ചാണക്യ തന്ത്രം'

വി.കെ. സഞ്‌ജു

നൂറുകണക്കിന് വനിതാ ഗുസ്തി താരങ്ങൾക്കെതിരേ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ് ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയതാണ് ഒളിംപിക് മെഡൽ ജേതാക്കൾ ഉൾപ്പെടെയുള്ള ദേശീയ ഗുസ്തി താരങ്ങളുടെ സമരം. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതിനെത്തുടർന്ന് നിർത്തിവച്ച സമരം ഏപ്രിലിൽ പുനരാരംഭിച്ചു. തുടർന്ന് ബ്രിജ് ഭൂഷണെതിരേ രണ്ട് എഫ്ഐആറുകൾ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തു. ആറു വനിതാ താരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു എഫ്ഐആർ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടാമത്തേതും. അങ്ങനെ പോക്സോ കേസ് കൂടിയായിട്ടു പോലും ബ്രിജ് ഭൂഷണെ പൊലീസ് അറസ്റ്റ് ചെയ്തില്ല.

താരങ്ങൾ അന്താരാഷ്‌ട്ര മെഡലുകൾ ഗംഗയിലൊഴുക്കാൻ ഹരിദ്വാർ വരെയെത്തിയതോടെ ഇവർക്ക് രാജ്യവ്യാപകമായും വിദേശത്തു പോലും പിന്തുണ വർധിച്ചു. ഇതിനൊപ്പം, പോക്സോ കേസ് പ്രതിയെ കേന്ദ്ര സർക്കാർ സംരക്ഷിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷവും വിഷയം ഏറ്റെടുത്തു. ഒപ്പം, കർഷക സംഘടനകളും ചേർന്നു.

ഉത്തർപ്രദേശിൽ നിന്നുള്ള 'വെറും' ഒരു എംപിയായ ബ്രിജ് ഭൂഷണെ സംരക്ഷിക്കാൻ സർക്കാർ എന്തിനിങ്ങനെ നാണംകെടണമെന്ന ചോദ്യം പാർട്ടിക്കുള്ളിൽ നിന്നു പോലും ഉയർന്നു തുടങ്ങിയ ഘട്ടത്തിലാണ് ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രബിൾഷൂട്ടറുടെ രംഗപ്രവേശം. അത്രയും നാൾ മാധ്യമങ്ങൾക്കു മുന്നിൽ നിറഞ്ഞു നിന്ന സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ പോയെന്ന് പുറംലോകമറിയുന്നത് ഈ കൂടിക്കാഴ്ച കഴിഞ്ഞ ശേഷമാണ്. കാര്യമായ വിവരങ്ങളൊന്നും പുറത്തുവന്നില്ല. നിയമം നിയമത്തിന്‍റെ വഴിക്കു പോകുമെന്ന് അമിത് ഷാ പറഞ്ഞതായി റിപ്പോർട്ടുകൾ വന്നു. പിന്തുണ ഉറപ്പു നൽകിയെന്ന് സാക്ഷി മാലിക് പറഞ്ഞു.

പക്ഷേ, തൊട്ടടുത്ത ദിവസം നിയമത്തിന്‍റെ വഴി എങ്ങനെ നിർണയിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമുയർന്നു തുടങ്ങി. ഗുസ്തി താരങ്ങൾ സമരം അവസാനിപ്പിച്ചെന്ന് വാർത്തകൾ വന്നു. മാധ്യമ പ്രവർത്തകർക്ക് ഇവരെയാരെയും നേരിൽ ബന്ധപ്പെടാനായില്ല. വാർത്ത സാക്ഷി മാലിക് ട്വിറ്ററിലൂടെ നിഷേധിച്ചു. എന്നാൽ, തങ്ങളെല്ലാവരും തിരികെ സർക്കാർ ജോലിയിൽ പ്രവേശിച്ചെന്നു സാക്ഷി സ്ഥിരീകരിച്ചു. സമരം നിർത്തിയിട്ടില്ലെന്ന പ്രഖ്യാപനവുമുണ്ടായി.

താരങ്ങളെ പിന്തുണച്ചവർ 'വ്യാജ വാർത്ത' വിശ്വസിച്ചുപോയതിന്‍റെ ഞെട്ടലിൽ നിന്നു പുറത്തു കടക്കവേ വരുന്നു അടുത്ത റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത താരം ബ്രിജ് ഭൂഷണിനെതിരേ നൽകിയ മൊഴി പിൻവലിച്ചിരിക്കുന്നു!

മജിസ്ട്രേറ്റിനു മുന്നിൽ സെക്ഷൻ 164 പ്രകാരം നൽകുന്ന മൊഴി തെളിവിനു തുല്യമാണ്. ഇതു പിൻവലിച്ച്, ബ്രിജ് ഭൂഷണ് അനുകൂലമായി പുതിയ മൊഴി നൽകിയിട്ടുണ്ടെങ്കിൽപ്പോലും പോക്സോ കേസ് റദ്ദാക്കണമെന്നു നിർബന്ധമില്ല. പോക്സോ ചുമത്തിയതടക്കം ലൈംഗിക പീഡന കേസുകളിലെ ഇരകൾ കേസിലെ സാക്ഷികൾ മാത്രമാണ്, വാദികളല്ല. ഇത്തരം കേസുകളിൽ സർക്കാരാണ് വാദി. പ്രോസിക്യൂഷൻ വാദവും മജിസ്ട്രേറ്റിന്‍റെ ബോധ്യവുമനുസരിച്ചായിരിക്കും ബ്രിജ് ഭൂഷണെതിരായ പോക്സോ കേസ് പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക.

പക്ഷേ, താരങ്ങൾ അമിത് ഷായുമായി നടത്തിയ ചർച്ചയ്ക്കു ശേഷമുണ്ടായ വഴിത്തിരിവുകൾ വെറും യാദൃച്ഛികമെന്നു കരുതുന്നത് എളുപ്പമല്ല.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചിത്രമെടുക്കാനെന്ന വ്യാജേന ബ്രിജ് ഭൂഷൺ ചേർത്തുപിടിച്ചെന്നും, ശരീരത്തോടു ചേർത്തമർത്തിയെന്നും, രഹസ്യഭാഗങ്ങളിൽ ബോധപൂർവം സ്പർശിച്ചെന്നുമെല്ലാമുള്ള പരാതിയുടെ വിശദാംശങ്ങൾ എഫ്ഐആറിൽ ഉണ്ടായിരുന്നതാണ്. മേയ് 10ന് ഇതു സംബന്ധിച്ച് മജിസ്ട്രേറ്റിനു മുന്നിൽ പെൺകുട്ടി മൊഴി നൽകിയതുമാണ്. ഈ മൊഴിയാണ് ഇപ്പോൾ പിൻവലിച്ചതായി വാർത്തകൾ വരുന്നത്. പോക്സോ കേസ് മാത്രം തെളിഞ്ഞാലും ഏഴു വർഷം വരെ പ്രതിക്ക് തടവ് ശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട്.

സർക്കാരിന്‍റെ പ്രതിച്ഛായയെ ഗുസ്തി താരങ്ങളുടെ സമരം ബാധിച്ചു തുടങ്ങിയെന്ന ആശങ്കയുടെ അടിസ്ഥാനത്തിൽ, പാർട്ടി വൃത്തങ്ങൾ ഗുസ്തി താരങ്ങളെ അവഹേളിക്കുന്ന തരത്തിൽ 'ക്യാപ്സൂളുകളും' ധാരാളമായി പ്രചരിപ്പിച്ചു തുടങ്ങിയിരുന്നു. സമര രംഗത്തുള്ള വനിതാ താരങ്ങൾ തന്നെയാണ് പീഡനത്തിന് ഇരകളായതെന്ന മട്ടിൽ, ഇവരുടെ പേരെടുത്തു പറഞ്ഞു തന്നെയായിരുന്നു പല പ്രചരണങ്ങളും. കുറ്റം തെളിയിക്കപ്പെട്ടാൽ തൂക്കിലേറാനും തയാറാണെന്ന ബ്രിജ് ഭൂഷന്‍റെ പ്രസ്താവനയിലെ ആത്മവിശ്വാസം ഇവർക്ക് കൂടുതൽ ഊർജം പകർന്നു. യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കുന്നത് ഒഴിവാക്കാനുള്ള തന്ത്രമാണ് ഗുസ്തിക്കാരുടേതെന്ന ആദ്യ ആരോപണം ബ്രിജ് ഭൂഷൺ പോലും ആവർത്തിക്കാതിരുന്നിട്ടും 'ആരാധകർ' നിരന്തരം ഏറ്റുപാടിക്കൊണ്ടിരുന്നു.

പരാതി പിൻവലിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, പ്രതി യഥാർഥത്തിൽ കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും, ബ്രിജ് ഭൂഷൺ 'വെറും' ഒരു എംപി മാത്രമല്ലെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. സംസ്ഥാനങ്ങളുടെ ഭരണം പിടിക്കുന്നതു പോലുള്ള 'തന്ത്രപ്രധാനമായ' ദൗത്യങ്ങൾക്കു നിയോഗിക്കപ്പെടുന്ന പാർട്ടിയുടെ ചാണക്യൻ തന്നെ ഈ വിഷയത്തിലും ട്രബിൾഷൂട്ടറായി ഇറങ്ങിയത് വലിയ സൂചന തന്നെയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com