'ഹിന്ദിയിൽ സംസാരിച്ചാൽ മർദിക്കും'; ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അമിത് താക്കറെ

ഉത്തർപ്രദേശിലെ ഭാഷ സംസാരിക്കണമെന്നോ ഹിന്ദി സംസാരിക്കണമെന്നോ ആളുകളോട് പറയരുതെന്നും അമിത് താക്കറെ പറഞ്ഞു
Amit Thackeray warns autorickshaw and taxi drivers Marathi mandate issue

ഓട്ടോ ഡ്രൈവർ, അമിത് താക്കറെ

Updated on

മുംബൈ: ഹിന്ദി ഭാഷയിൽ സംസാരിക്കുകയോ യാത്രക്കാരോട് മോശമായി പെരുമാറുകയോ ചെയ്യുന്ന ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാരെ മർദിക്കുമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവും രാജ് താക്കറെയുടെ മകനുമായ അമിത് താക്കറെ. ഇതു സംബന്ധിച്ച് പരാതി ലഭിച്ചാൽ പാർട്ടി നടപടിയെടുക്കുമെന്നും അമിത് പറഞ്ഞു.

ആളുകളെ ബുദ്ധിമുട്ടിച്ചാൽ മർദിക്കുമെന്നും ഉത്തർപ്രദേശിലെ ഭാഷ സംസാരിക്കണമെന്നോ ഹിന്ദി സംസാരിക്കണമെന്നോ ആളുകളോട് പറയരുതെന്നും തങ്ങൾ മറാഠിയിൽ സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓട്ടോറിക്ഷ, ടാക്സി, ആപ്പ് അധിഷ്ഠിത ക്യാബുകള്‍ (ഒല, ഉബര്‍, റാപ്പിഡോ) എന്നിവ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മറാഠി ഭാഷാ പഠിക്കാൻ മഹാരാഷ്ട്ര സർക്കാർ ഒരു വർഷം കാലാവധി നീട്ടി നൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് പ്രതികരണവുമായി അമിത് താക്കറെ രംഗത്തെത്തിയത്. അവർക്ക് 10, 15 വർഷം കാലാവധി നീട്ടികൊടുക്കൂ. മറാഠി ഭാഷയോടും സംസ്ഥാനത്തോടും നിങ്ങൾക്ക് എത്രമാത്രം സ്നേഹമുണ്ടെന്ന് ഞങ്ങൾ മനസിലാക്കി. അമിത് പറഞ്ഞു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് വരുന്നതിനാലാണ് മറാഠി പഠിക്കാൻ സർക്കാർ കാലാവധി നീട്ടി നൽകുന്നതെന്നും അമിത് ആരോപിച്ചു.

ഡ്രൈവര്‍മാര്‍ക്ക് മറാഠി ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കിയ ഉത്തരവ് ചോദ‍്യം ചെയ്ത് നാല് ക‍്യാബ് ഡ്രൈവർമാർ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറാഠി പഠിക്കാൻ ഡ്രൈവർമാർക്ക് സമയം നീട്ടി നൽകാൻ സർക്കാർ തീരുമാനമെടുത്തത്. മറാഠി സംസാരിക്കാനോ കൈകാര്യം ചെയ്യാനോ അറിയാത്ത ഡ്രൈവര്‍മാരുടെ ഡ്രൈവിങ് ലൈസന്‍സോ പെര്‍മിറ്റോ പ്രാഥമികമായി മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുമെന്നാണ് ഉത്തരവ്.

സസ്പെന്‍ഷന്‍ കാലാവധിക്കുശേഷവും ഭാഷ പഠിച്ചില്ലെങ്കില്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി പ്രതാപ് സര്‍നായിക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യാത്രക്കാരുമായി കൃത്യമായി ആശയവിനിമയം നടത്താനും സുഗമമായ യാത്ര ഉറപ്പാക്കാനുമാണ് ഈ ഭേദഗതികൊണ്ടുവന്നതെന്നായിരുന്നു സര്‍ക്കാരിന്‍റെ വിശദീകരണം. വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കു പുറമേ, പെര്‍മിറ്റ് ഉടമകള്‍ക്കും പെര്‍മിറ്റ് പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍ക്കും ഈ നിയമം ബാധകമാണ്. മറാഠി ഭാഷ അറിയാത്തവര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും വഴി തെറ്റിക്കുന്നതും സംബന്ധിച്ച് നിരന്തരം പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് ഗതാഗത വകുപ്പ് പറഞ്ഞിരുന്നു.

logo
Metro Vaartha
www.metrovaartha.com