
ജലന്ധർ : ഖലിസ്ഥാൻ നേതാവും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാൽ സിങ് അറസ്റ്റിൽ. ജലന്ധറിനു സമീപത്തു വച്ചാണു പഞ്ചാബ് പൊലീസ് അമൃത്പാൽ സിങ്ങിനെ പിടികൂടിയത്. സംഘർഷ സാധ്യത കണക്കിലെടുത്തും, വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കാനും പഞ്ചാബിൽ ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
നേരത്തെ അമൃത്പാൽ സിങ്ങിന്‍റെ ആറ് അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമൃത്സറിലെ ഗ്രാമത്തിൽ നിന്നും അമൃത്പാൽ സിങ്ങിനെ പിടികൂടാൻ പൊലീസ് ശ്രമം നടത്തിയിരുന്നു. എന്നാൽ ഇവിടെ നിന്നും അദ്ദേഹം രക്ഷപ്പെട്ടു. തുടർന്നു ജലന്ധറിലെ നക്കോദാർ പ്രദേശത്തു വച്ചാണു അമൃത്പാലിനെ പിടികൂടിയതെന്നാണു വിവരം.
അമൃത്പാൽ സിങ്ങിനെയും അനുയായികളെയും രഹസ്യകേന്ദ്രത്തിൽ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റിന്‍റെ പശ്ചാത്തലത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും വിദ്വേഷ പ്രസംഗം നടത്തരുതെന്നും പഞ്ചാബ് പൊലീസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞമാസം അജ്നാല പൊലീസ് സ്റ്റേഷനിൽ ആയുധങ്ങളുമായി അമൃത്പാൽ സിങ്ങും ആയിരക്കണക്കിന് അനുയായികളും സംഘർഷം സൃഷ്ടിച്ചിരുന്നു. പാർട്ടി പ്രവർത്തകനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പൊലീസിനു നേരെ ആക്രമണം അഴിച്ചുവിട്ടത്.