
അമുൽ - നന്ദിനി പോര് മുറുകുന്നു
ബംഗളൂരു: പാല്‍ ഉത്പന്ന ബ്രാന്‍ഡായ അമുലിന്‍റെയും നന്ദിനിയുടെയും പേരില്‍ കര്‍ണാടക രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുന്നു. ബംഗളൂരുവിലെ 10 മെട്രോ സ്റ്റേഷനുകളില്‍ കിയോസ്‌ക്കുകള്‍ തുറക്കാന്‍ ഗുജറാത്ത് ആസ്ഥാനമായുള്ള അമുലിന് കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയതാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരേ പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും (ജനതാദള്‍-സെക്കുലര്‍) വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നന്ദിനി എന്ന ബ്രാന്‍ഡിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും അവര്‍ പറഞ്ഞു. കര്‍ണാടകയില്‍ ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡാണ് കിയോസ്‌ക്കുകള്‍ സ്ഥാപിക്കാന്‍ അമുലിന് അനുമതി നല്‍കിയത്. ഇതിനായി ടെന്‍ഡറും വിളിച്ചിരുന്നു. എന്നാല്‍ കിയോസ്‌ക്കുകള്‍ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍റെ ഉടമസ്ഥതയിലുള്ള നന്ദിനി ബ്രാന്‍ഡിന് നല്‍കണമായിരുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്.
കോണ്‍ഗ്രസിന്‍റെ മുന്‍ സഖ്യകക്ഷിയായിരുന്നു ജനതാദള്‍-സെക്കുലര്‍. ഇവര്‍ എക്‌സ് എന്ന നവമാധ്യമത്തില്‍ സേവ് നന്ദിനി എന്ന ഹാഷ് ടാഗില്‍ കുറിച്ച പോസ്റ്റില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ വലിയ രീതിയിലാണു വിമര്‍ശിച്ചത്. കമ്മീഷനു വേണ്ടി ശിവകുമാര്‍ തന്‍റെ ആത്മാഭിമാനം വിറ്റുവെന്നും 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നേടാന്‍ കോണ്‍ഗ്രസ് നന്ദിനി ബ്രാന്‍ഡ് ഉപയോഗിച്ചെന്നും ജെഡിഎസ് ആരോപിച്ചു.
പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് രൂക്ഷമായപ്പോള്‍ 10 മെട്രോ സ്റ്റേഷനുകളില്‍ എട്ടെണ്ണത്തില്‍ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ നന്ദിനി ഔട്ട്ലെറ്റുകള്‍ തുറക്കുമെന്നു ഉപമുഖ്യമന്ത്രി പറഞ്ഞു.
2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമുല്‍-നന്ദിനി പ്രശ്‌നം വിവാദത്തിന് തിരികൊളുത്തിയിരുന്നു. അന്ന് സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരത്തിലിരുന്ന ബിജെപി, അമുലിനെ പിന്തുണച്ച് നന്ദിനിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചത്. കോണ്‍ഗ്രസ് ഈ വിഷയത്തെ ഒരു പ്രധാന തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റുകയും ചെയ്തിരുന്നു.