
ആനന്ദ് പട്‌വർധൻ
ന‍്യൂഡൽഹി: ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു കഴിഞ്ഞ ദിവസം ഏഷ‍്യ കപ്പിൽ നടന്ന ഇന്ത‍്യ പാക്കിസ്ഥാൻ മത്സരം. 7 വിക്കറ്റിന് ഇന്ത‍്യ പാക്കിസ്ഥാനെതിരേ ജയം സ്വന്തമാക്കിയെങ്കിലും പാക്കിസ്ഥാൻ താരങ്ങൾക്ക് മത്സര ശേഷം ഹസ്തദാനം നൽകാതെയായിരുന്നു ഇന്ത‍്യൻ താരങ്ങൾ മടങ്ങിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിയിരുന്നു.
എന്നാലിപ്പോഴിതാ ഇന്ത‍്യൻ താരങ്ങൾ ഹസ്തദാനം ഒഴിവാക്കിയത് അപമാനകരമാണെന്നാണ് സംവിധായകൻ ആനന്ദ് പട്‌വർധൻ പറയുന്നത്. അത് ബാലിശമാണെന്നും നമ്മളെയോർത്ത് ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.
ഹസ്തദാനം നൽകിയിരുന്നുവെങ്കിൽ സ്ഥിതി വഷളാവുമായിരുന്നുവെന്നാണ് സംവിധായകന്‍റെ പോസ്റ്റിനു താഴെ ചിലർ കമന്‍റ് ചെയ്തിരിക്കുന്നത്. താരങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് ചിലരും മത്സരം ബഹിഷ്കരിക്കുകയാണ് ചെയ്യേണ്ടതെന്ന് മറ്റു ചിലരും കമന്‍റ് ചെയ്തിട്ടുണ്ട്.