
അമരാവതി: നൈപുണ്യ വികസന കോർപ്പറേഷന്‍റ അഴിമതി കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുഗു ദേശം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം.നവംബർ 24 വരെയാണ് ആന്ധ്ര ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം നൽകണമെന്നും ജയിലിൽ മതിയായ ചികിത്സാ സൗകര്യങ്ങൾ കിട്ടുന്നില്ലെന്നും നായിഡുവിന്‍റെ അഭിഭാഷക കോടതിയിൽ വാദിച്ചു. ഇതു പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ഈ കാലയളവിൽ ഒരു കാരണവശാലും പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന കർശന ഉപാധികളോടെയാണ് ജാമ്യം. സ്ഥിരജാമ്യം നൽകണമെന്ന ഹർജി നവംബർ 10ന് കോടതി കേൾക്കും.
സെപ്റ്റംബർ 9ന് പുലർച്ചെയാണ് നായിഡുവിനെ ആന്ധ്ര പൊലീസിലെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. നൈപുണ്യ വികസന കോർപ്പറേഷന്‍റെ മികവിന്‍റെ കേന്ദ്രങ്ങളിലെ പരിശീലനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് നായിഡു അറസ്റ്റിലായത്. ഈ കേന്ദ്രങ്ങൾ വഴി നൽകിയ പണം സ്വീകരിച്ചവർ വ്യാജ കമ്പനികളിലേക്ക് ഇതു കൈമാറുകയായിരുന്നെന്നാണു കേസ്.