ആക്സസ് ഇക്വാലിറ്റി സൂചികയിൽ ആന്ധ്രാപ്രദേശിന് രണ്ടാം സ്ഥാനം; കേരളം നാലാമത്

അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സാമൂഹിക സുരക്ഷ തുടങ്ങിയ അവശ്യ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലെ മികവാണ് സൂചികയുടെ അടിസ്ഥാനം

Andhra Pradesh Chief Minister N. Chandrababu Naidu

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു

Updated on: 

അമരാവതി: രാജ്യത്തെ 28 സംസ്ഥാനങ്ങളുടെ ആക്സസ് ഇക്വാലിറ്റി സൂചികയിൽ (എഇഐ-2026) ആന്ധ്രാപ്രദേശിന് രണ്ടാം സ്ഥാനം. അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സാമൂഹിക സുരക്ഷ തുടങ്ങിയ അവശ്യ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലെ മികവാണ് സംസ്ഥാനത്തിന് നേട്ടമായത്. സാമ്പത്തിക നിലയേക്കാൾ മികച്ച പ്രകടനമാണ് ആന്ധ്രാപ്രദേശ് കാഴ്ചവെച്ചതെന്ന് സെന്‍റർ ഫോർ ന്യൂ ഇക്കണോമിക്സ് സ്റ്റഡീസ് (സിഎൻഇഎസ്) തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടിലെ കണ്ടെത്തലുകളെ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തിങ്കളാഴ്ച സ്വാഗതം ചെയ്തു. കഴിഞ്ഞ രണ്ടര വർഷമായി തന്‍റെ സർക്കാർ നടപ്പാക്കിയ ഭരണപരിഷ്കരണ നടപടികളുടെ പ്രതിഫലനമാണ് നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.

സൂചികയിൽ 0.68 പോയിന്‍റുമായി ഗോവ ഒന്നാമതെത്തി. ആന്ധ്രാപ്രദേശ് 0.66 പോയിന്‍റുമായി രണ്ടാം സ്ഥാനവും സിക്കിം 0.63 പോയിന്‍റുമായി മൂന്നാം സ്ഥാനവും നേടി. കേരളം, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

പ്രധാന സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ ആന്ധ്രാപ്രദേശിനെ മുൻനിര സംസ്ഥാനമായാണ് റിപ്പോർട്ട് വിശേഷിപ്പിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, സാമൂഹിക-സാമ്പത്തിക സുരക്ഷ, നിയമസേവനങ്ങൾ എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകളിലെ 23 വിഭാഗങ്ങളിലായി 60 സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്.

പ്രതിശീർഷ വരുമാനത്തിൽ രാജ്യത്ത് പതിമൂന്നാം സ്ഥാനത്താണെങ്കിലും ജനങ്ങൾക്ക് അവസരങ്ങൾ ഉറപ്പാക്കുന്നതിൽ ആന്ധ്രാപ്രദേശ് രണ്ടാം സ്ഥാനത്തെത്തിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക നിലയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് പ്രതീക്ഷിച്ചിരുന്ന ആക്സസ് സ്കോർ 0.51 ആയിരുന്നു. എന്നാൽ 0.66 പോയിന്‍റ് നേടാനായി. കേരളം 0.07 പോയിന്‍റും ഹിമാചൽ പ്രദേശ് 0.06 പോയിന്‍റും നേടി.

ഒരു സംസ്ഥാനത്തിന്‍റെ വികസനം നിർണയിക്കുന്നത് സാമ്പത്തിക സമ്പത്ത് മാത്രമല്ലെന്നും ലഭ്യമായ വിഭവങ്ങൾ ജനങ്ങൾക്ക് അവസരങ്ങളും അവശ്യ സേവനങ്ങളും ലഭ്യമാക്കുന്നതിനായി എത്രത്തോളം പ്രയോജനപ്പെടുത്തുന്നു എന്നതും പ്രധാനമാണെന്നും റിപ്പോർട്ട് നിരീക്ഷിച്ചു.

കുടിവെള്ളം, ശുചിത്വം, ഭവനസൗകര്യം, ശുദ്ധമായ ഊർജം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, തൊഴിൽ, ബാങ്കിങ്, ഇൻഷുറൻസ്, പെൻഷൻ, നിയമസേവനങ്ങൾ തുടങ്ങിയ മേഖലകളിലെ ലഭ്യതയും റിപ്പോർട്ട് വിലയിരുത്തി.