
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിജയനഗരത്തിനു സമീപം കണ്ടകപ്പള്ളിയിൽ ട്രെയ്‌നുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 14 ആയി. 50 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ വിശാഖപട്ടണത്തെയും വിജയനഗരത്തിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി റെയ്‌ൽ അധികൃതർ.
തിങ്കളാഴ്ച വൈകിട്ട് ഏഴിനായിരുന്നു ഹൗറ- ചെന്നൈ പാതയെ നടുക്കി വീണ്ടും അപകടം. റായഗഡ പാസഞ്ചർ ട്രെയ്‌ൻ, വിശാഖപട്ടണം പാലസ പാസഞ്ചർ ട്രെയ്നിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇതേത്തുടർന്നു 3 കോച്ചുകൾ പാളം തെറ്റി. 5 കോച്ചുകളും എൻജിനും തകരാറുണ്ട്. പാളത്തിലെ തകരാർ പരിഹരിച്ച് തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗതാഗതം പുനഃസ്ഥാപിച്ചു. ആലപ്പുഴ- ധൻബാദ് എക്സ്പ്രസ് ഉൾപ്പെടെ ഈ വഴിക്കുള്ള നിരവധി ട്രെയ്‌നുകൾ വൈകി. മരിച്ച ആന്ധ്ര സ്വദേശികളുടെ ആശ്രിതർക്ക് 10 ലക്ഷവും പരുക്കേറ്റവർക്ക് 2 ലക്ഷവും രൂപവീതം നൽകുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി അറിയിച്ചു.
മരണമടഞ്ഞവരിലെ ഇതര സംസ്ഥാനക്കാരുടെ ആശ്രിതർക്ക് ആന്ധ്ര സർക്കാർ 2 ലക്ഷം രൂപ നൽകും. പരുക്കേറ്റവർക്ക് 50,000 രൂപ അനുവദിച്ചു.
കഴിഞ്ഞ ജൂണിൽ ഒഡീശയിലെ ബാലസോറിൽ 3 ട്രെയ്‌നുകൾ കൂട്ടിയിടിച്ച് 290ലേറെ പേർ മരണമടഞ്ഞ ദുരന്തത്തിന്‍റെ നടുക്കം മാറും മുൻപാണ് കിഴക്കൻ തീരത്ത് വീണ്ടും അപകടം. റായഗഡ പാസഞ്ചറിന്‍റെ അസിസ്റ്റന്‍റ് ഡ്രൈവർക്കു സംഭവിച്ച പിഴവാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. റായഗഡ പാസഞ്ചർ ട്രെയ്ൻ 2 സിഗ്നലുകൾ മറികടന്നതായാണു പ്രാഥമിക സൂചന. റെയ്‌ൽവേ ചട്ടങ്ങൾ പ്രകാരം ഓട്ടൊസിഗ്നലുകളിൽ 2 മിനിറ്റ് നിർത്തിയശേഷം 10 കിലോമീറ്റർ വേഗത്തിൽ മാത്രമേ മുന്നോട്ടെടുക്കാവൂ. ഇതു ലംഘിക്കപ്പെട്ടെന്നു റിപ്പോർട്ടിൽ പറയുന്നു. റായഗഡ പാസഞ്ചർ ട്രെയ്‌നിലെ ലോക്കോപൈലറ്റും അസിസ്റ്റന്‍റ് ഡ്രൈവറും അപകടത്തിൽ മരണമടഞ്ഞു.