

മകന്‍റെ വിയോഗത്തിനു പിന്നാലെ സ്വത്തിന്‍റെ 75 ശതമാനം ദാനം ചെയ്യാൻ വേദാന്ത ചെയർമാർ
മകൻ അഗ്നിവേഷിന്‍റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച ആഘാതത്തിലാണ് വേദാന്ത ഗ്രൂപ്പിന്‍റെ ചെയർമാൻ അനിൽ അഗർവാൾ. യുഎസ്സിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സ്കീയിങ്ങിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. മകന്‍റെ അപ്രതീക്ഷിത വിയോഗത്തിനു പിന്നാലെ തന്‍റെ സ്വത്തിന്‍റെ 75 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അനിൽ അഗർവാർ.
മികച്ച ഇന്ത്യയെ വാർത്തെടുക്കണമെന്ന് മകന്‍റെ സ്വപ്നമായിരുന്നെന്നും അതിനായി താൻ പ്രവർത്തിക്കുമെന്നുമാണ് അനിൽ വ്യക്തമാക്കിയത്. ഒരു കുട്ടിയും വിശന്ന് കിടന്നുറങ്ങരുത്, ഒരു കുട്ടിക്കും വിദ്യാഭ്യാസം നിക്ഷേധിക്കപ്പെടരുത്. എല്ലാ സ്ത്രീകളും സ്വന്തം കാലിൽ നിൽക്കണം, ഇന്ത്യയിലെ എല്ലാ യുവാക്കൾക്കും മികച്ച ജോലി ലഭ്യമാക്കണം എന്നിങ്ങനെയാണ് ഞങ്ങൾ കണ്ടിരുന്ന സ്വപ്നം. നമ്മൾ സമ്പാദിക്കുന്നതിന്‍റെ 75 ശതമാനം സമൂഹത്തിനായി മാറ്റിവെക്കുമെന്ന് ഞാൻ അഗ്നിക്ക് വാക്ക് കൊടുത്തിരുന്നു. ഇന്ന് ഞാൻ വീണ്ടും അതേ വാക്ക് നൽകുകയാണ്. കൂടുതൽ ലളിതമായ ജീവിതം നയിക്കും. സ്വയം പര്യാപ്തമായ ഇന്ത്യയെ നിർമിക്കാനാണ് അവൻ ആഗ്രഹിച്ചത്. അവൻ ഇടയ്ക്ക് പറയുമായിരുന്നു, പപ്പ, രാജ്യം എന്ന നിലയിൽ നമുക്ക് ഒന്നും കുറവില്ല, എന്നിട്ടും നമ്മൾ പിന്നോട്ട് പോകുന്നത് എന്താണ് എന്ന്. - അനിൽ അഗർവാൾ എക്സിൽ കുറിച്ചു.
തന്‍റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിവസമാണ് എന്ന് പറഞ്ഞുകൊണ്ടാണ് മകന്‍റെ മരണ വാർത്ത അനിൽ പങ്കുവച്ചത്. യുഎസ്സിൽ വച്ച് സ്കീയിങ്ങിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ന്യൂയോർക്കിലെ മൗണ്ട് സിനൈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. മകനോട് വിട പറയേണ്ടിവരുന്ന മാതാപിതാക്കളുടെ വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. 1976 ജൂൺ മൂന്ന് പാട്നയിൽ മകൻ ജനിച്ച ദിവസം തനിക്ക് ഇപ്പോഴും ഓർമയുണ്ട്. തനിക്ക് അവൻ മകൻ മാത്രമായിരുന്നില്ലെന്നും സുഹൃത്തും അഭിമാനവും തന്‍റെ ലോകവുമായിരുന്നു എന്നും അനിൽ കുറിച്ചു.