
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് അനിൽ ആന്‍റണി രാജിവച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആന്‍റണി രാജിവച്ചത്. ബിബിസി ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട് അഭിപ്രായം പരസ്യമാക്കിയതിനു പിന്നാലെയാണ് രാജി. കെപിസിസി പ്രസിഡന്‍റും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും അടക്കം അനിലിനെ തള്ളിപ്പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസിലെ മുതിർന്ന നേതാവ് എ കെ ആന്‍റണിയുടെ മകനായ അനിൽ ആന്‍റണി സ്ഥാനം ഒഴിയുന്നത്.
അഭിപ്രായ സ്വാതന്ത്രത്തിന് വേണ്ടി വാദിക്കുന്നവർ തന്നെ ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട തന്‍റെ ട്വീറ്റിന്‍റെ പേരിൽ അസഹിഷ്ണുത കാണിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്നും തന്നോട് പ്രതികരിച്ചതെല്ലാം കാപട്യക്കാരാണെന്നും അനിൽ ട്വീറ്റ് ചെയ്തു. യോഗ്യതയുള്ളവരേക്കാൾ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയിൽ സ്ഥാനമെന്നും അനിൽ വിമര്‍ശിച്ചു.