സിജെപിക്ക് പിന്തുണയുമായി അണ്ണാമലൈ; മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിന് മുന്നറിയിപ്പ്

"പ്രതിഷേധരീതികളോട് യോജിപ്പില്ല, ചോദ്യങ്ങൾക്ക് പൂർണ പിന്തുണ"; നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡിയിൽ ഡൽഹി പൊലീസിന് വിമർശനം
സിജെപിക്ക് പിന്തുണയുമായി അണ്ണാമലൈ; മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിന് മുന്നറിയിപ്പ്

കെ. അണ്ണാമലൈ

File

Updated on: 

കൊയമ്പത്തൂർ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനും 'വി ദ ലീഡേഴ്സ്' സ്ഥാപകനുമായ കെ. അണ്ണാമലൈ കോക്രോച്ച് ജനതാ പാർട്ടിക്ക് (സിജെപി) പിന്തുണ പ്രഖ്യാപിച്ചു. പാർട്ടി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് രങ്കയ്ക്കുമെതിരായ കേസ് ഡൽഹി പൊലീസ് കൈകാര്യം ചെയ്യുന്ന രീതിയും, ഇവരുടെ തുടർച്ചയായ ജുഡീഷ്യൽ കസ്റ്റഡിയും നിയമവാഴ്ചയെക്കുറിച്ച് ആശങ്ക ഉയർത്തുന്നുവെന്ന് അദ്ദേഹം കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

"സിജെപിയുടെ പല പ്രതിഷേധരീതികളോടും ചില പ്രവർത്തനങ്ങളോടും എനിക്ക് യോജിപ്പില്ലായിരിക്കാം. പക്ഷേ, അവർ ഉന്നയിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളെ ഞാൻ പൂർണമായും പിന്തുണയ്ക്കുന്നു. അതിന് ഉത്തരം പറയേണ്ടത് സർക്കാരാണ്," അണ്ണാമലൈ പറഞ്ഞു.

ദീർഘകാല തടവ് സിജെപി നേതാക്കളെ ദുർബലരാക്കുന്നതിനു പകരം കൂടുതൽ കരുത്തരാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേസ് കൈകാര്യം ചെയ്യുന്നതിലൂടെ ഡൽഹി പൊലീസ് ദ്രോഹമാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യയെ ശിക്ഷിക്കരുത്

നിർദിഷ്ട മണ്ഡല പുനർനിർണയത്തിൽ സുതാര്യതയും നീതിയും കേന്ദ്ര സർക്കാർ ഉറപ്പാക്കണമെന്ന് അണ്ണാമലൈ ആവശ്യപ്പെട്ടു. ജനസംഖ്യാ വർധന നിയന്ത്രിച്ചതിന്‍റെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പിന്തള്ളപ്പെടരുത്. 20 മുതൽ 25 ലക്ഷം വരെ വോട്ടർമാരെ ഒരൊറ്റ എംപിക്ക് ഫലപ്രദമായി പ്രതിനിധീകരിക്കാനാകില്ലെന്നതിനാൽ പുനർനിർണയം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കേന്ദ്രം പദ്ധതി വ്യക്തമായി വിശദീകരിക്കുകയും നൽകിയ ഉറപ്പുകൾ നിയമത്തിൽ പ്രതിഫലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.

കോയമ്പത്തൂരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തേ നൽകിയ, പ്രാതിനിധ്യത്തിൽ 50 ശതമാനം വർധന എന്ന ഉറപ്പ് മണ്ഡല പുനർനിർണയ ബില്ലിൽ ഇല്ലെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളോളം രാഷ്ട്രീയ പ്രാതിനിധ്യത്തെ നിർണയിക്കുന്ന ഇത്ര സുപ്രധാന നടപടി മതിയായ കൂടിയാലോചനയില്ലാതെ അടിച്ചേൽപ്പിക്കരുതെന്നും, എല്ലാ പാർട്ടികളുമായും ചർച്ച നടത്തി നീതിയുക്തമായ ഫോർമുലയിൽ സമവായം ഉണ്ടാക്കണമെന്നും അദ്ദേഹം കേന്ദ്രത്തോട് അഭ്യർഥിച്ചു.

ഭഗവതിന്‍റെ പ്രസംഗത്തെ സ്വാഗതം ചെയ്ത് അണ്ണാമലൈ

ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്‍റെ വിജയദശമി പ്രസംഗം പലരും ശ്രദ്ധയോടെ ഉറ്റുനോക്കിയതാണെന്ന് അണ്ണാമലൈ പറഞ്ഞു. അമെരിക്കൻ സന്ദർശനത്തിനിടെ ഭഗവത് നടത്തിയ, ഇന്ത്യ എല്ലാ സമുദായങ്ങൾക്കുമുള്ളതാണ് എന്ന പരാമർശത്തെ അദ്ദേഹം സ്വാഗതം ചെയ്തു. മുസ്ലിംകൾക്കും മറ്റു മതസ്ഥർക്കും ഇന്ത്യയിൽ സ്ഥാനമില്ലെന്നു വിശ്വസിക്കുന്നതു തെറ്റാണെന്ന ഭഗവതിന്‍റെ നിലപാടിനെയും അദ്ദേഹം പിന്തുണച്ചു.

ഇന്ത്യയോടും അതിന്‍റെ സംസ്കാരത്തോടുമുള്ള ആഗോള താത്പര്യം വളരുന്ന സാഹചര്യത്തിൽ, രാജ്യത്തിന്‍റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഇന്ത്യയുടെ ഏറ്റവും മികച്ച മുഖം ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും നേതാക്കൾക്കും പൗരന്മാർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com