

ബംഗ്ലാദേശ് ഹൈക്കമ്മീഷണറോട് വിശദീകരണം തേടി ഇന്ത്യ
ന്യൂഡൽഹി: ബംഗ്ലാദേശിന്‍റെ ഇന്ത്യ വിരുദ്ധ പ്രസ്താവനകളിൽ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയെ വിളിപ്പിച്ചു വരുത്തിയാണ് വിശദീകരണം തേടിയത്. ബംഗ്ലാദേശിലെ നാഷണൽ സിറ്റിസൺ പാർട്ടി നേതാവ് ഹസ്നത്ത് അബ്ദുള്ള നടത്തിയ പ്രകോപനപരമായ ഇന്ത്യ വിരുദ്ധ പ്രസ്താവനകളെ തുടർന്നാണ് ഇന്ത്യയുടെ നടപടി.
തിങ്കളാഴ്ച ധാക്കയിലെ സെൻട്രൽ ഷഹീദ് മിനാറിൽ നടന്ന സമ്മേളനത്തിലാണ് ഹസ്നത്ത് വിവാദ പ്രസ്താവന നടത്തിയത്.
ഇന്ത്യയോട് ശത്രുതയുള്ള ശക്തികൾക്കും വിഘടന വാദ ഗ്രൂപ്പുകൾക്കും ധാക്ക അഭയം നൽകുമെന്നും, ഇന്ത്യയുടെ സപ്തസഹോദരി സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വിച്ഛേദിക്കാൻ സഹായിക്കുമെന്നും അബ്ദുള്ള പറഞ്ഞു. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്രവാദ, വിഘടനവാദ ഗ്രൂപ്പുകൾ ബംഗ്ലാദേശിനെ ഒളിത്താവളമാക്കുന്നതായി മുൻപ് ഇന്ത്യ ആരോപിച്ചിരുന്നു. ഇതിനിടെയാണ് അബ്ദുള്ളയുടെ പ്രസ്താവന വന്നിരിക്കുന്നത്.