രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു; അയോധ്യ രാമക്ഷേത്ര കൊള്ളയിൽ ആദ്യമായി പ്രതികരിച്ച് ആർഎസ്എസ്

Ayodhya Ram Mandir

അയോധ‍്യ രാമക്ഷേത്രം

Updated on

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള വിവാദത്തിൽ ആദ്യ പ്രതികരണവുമായി ആർഎസ്എസ്. സംഭാവന കൊള്ള ഹിന്ദു സമൂഹത്തിന്‍റെയും ദശലക്ഷക്കണക്കിനു വരുന്ന ശ്രീരാമന്‍റെ വിശ്വാസികളുടെയും വികാരത്തെ വ്രണപ്പെടുത്തിയെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പ്രസ്താവനയിൽ പറഞ്ഞു.

ക്ഷേത്രത്തിലെ സംഭാവന കൊള്ള ദൗർഭാഗ്യകരമായ സംഭവമാണ്. സംഭവത്തിൽ തങ്ങൾക്ക് അഗാധമായ ദുഖമുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരികയും കനത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യണം. ക്ഷേത്രത്തിന്‍റെ നടത്തിപ്പിൽ ഉണ്ടായ വീഴ്ചകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് ആർഎസ്എസും ഹിന്ദു സമൂഹവും പ്രതീക്ഷിക്കുന്നത്. ശ്രീരാമ ഭക്തരുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ അത്തരം നടപടികൾ അത്യാവശ്യമാണ്. നിലവിലെ അനിശ്ചിതത്വത്തിനു തീർച്ചയായും അന്ത്യമുണ്ടാവണമെന്നും ഹൊസബലെ പറഞ്ഞു.

ദൗർഭാഗ്യകരമായ സംഭവമായ രാമക്ഷേത്ര കൊള്ള മുതലെടുത്ത് ഹിന്ദു ധർമത്തെ അപകീർത്തിപ്പെടുത്താൻ ഹിന്ദു വിരുദ്ധരും രാജ്യവിരുദ്ധരുമായ ശക്തികൾ ശ്രമിക്കുന്നതായി ഹൊസബലെ ആരോപിച്ചു. ഇത്തരം ഗൂഢാലോചനകളെ പരാജയപ്പെടുത്താനായി ഇൗ ദുഷ്കരമായ ഘട്ടത്തിൽ ആവശ്യമാ ക്ഷമയും സംയമനവും പാലിക്കാൻ മുഴുവൻ ഹിന്ദു സമൂഹത്തോടും അഭ്യർഥിക്കുന്നുവെന്നും ഹൊസബലെ പറഞ്ഞു. വിഷയത്തിൽ ക്ഷേത്രം ഭരണസമിതിയും സർക്കാർ നിയോഗിച്ച എസ്ഐടിയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com