
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കുന്നതിനുള്ള ബിജെപി ശ്രമത്തിന്‍റെ ഭാഗമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയപ്പെടുന്നതായി എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി. മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നവംബർ 2ന് കെജ്‌രിവാളിനെ ഇഡി ചോദ്യം ചെയ്യുവാൻ വിളിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അതിഷിയുടെ ആരോപണം. നേതാക്കളെ ജയിലിൽ അടച്ച് ആം ആദ്മിയെ പൂർണമായും ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും പിടിഐയോട് അതിഷി പറഞ്ഞു. കെജ്‌രിവാൾ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ അതിനു കാരണം അഴിമതിയല്ല പകരം ബിജെപിക്ക് എതിരായി സംസാരിച്ചതാണെന്നും അതിഷി പറഞ്ഞു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി രണ്ടു തവണയാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കെജ്‌രിവാളിനെ ഭയമാണ്. തെരഞ്ഞെടുപ്പിലൂടെ എഎപിയെ തോൽപ്പിക്കാനാകില്ലെന്ന് ബിജെപി ക്ക് അറിയാമെന്നും അതിഷി പറയുന്നു. ഡൽഹിയിലെ ഓഫിസിൽ നവംബർ 2ന് രാവിലെ 11 മണിക്ക് ഹാജരാകാനാണ് ഇഡി കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനു മുൻപ് സിബിഐയും കെജ്‌രിവാളിനെ ചോദ്യം ചെയ്തിട്ടുണ്ട്. കെജ്‌രിവാൾ അറസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞാൽ ഇന്ത്യ മുന്നണിയിലെ മറ്റു നേതാക്കളെ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് കുരുക്കാൻ ബിജെപി ശ്രമിക്കുമെന്നും അതിഷി ആരോപിക്കുന്നുണ്ട്.