
ഛത്തീസ്ഗഡിൽ സൈന്യം 2 മാവോയിസ്റ്റുകളെ വധിച്ചു; പ്രധാനികളെന്ന് പൊലീസ്
representative image
രാജ്പുർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. ഈസ്റ്റ് ബസ്തർ ഡിവിഷനിലെ മാവോയിസ്റ്റ് കമാൻഡർ ഹൽദാർ, ഏരിയ കമ്മിറ്റിയംഗം റാമേ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും മാവോയിസ്റ്റുകളിലെ പ്രധാനികളാണെന്നും ഇവരുടെ തലയ്ക്ക് സർക്കാർ 13 ലക്ഷം രൂപയുടെ ഇനാം പ്രഖ്യാപിച്ചിരുനെന്നും പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച നക്സല്‍ വിരുദ്ധ ഓപ്പറേഷന്‍ ബുധനാഴ്ച രണ്ടുപേരെ വധിച്ചതോടെയാണ് അവസാനിച്ചത്. കൊണ്ടഗാവ്, നാരായണ്‍പൂര്‍ ജില്ലകളുടെ അതിര്‍ത്തിയിലുള്ള കിലാം, ബര്‍ഗം എന്നീ ഗ്രാമങ്ങളിലാണ് വെടിവെപ്പ് നടന്നത്.
ഇവരിൽനിന്നും എകെ 47 തോക്കുകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഛത്തീസ്ഗഡ് പൊലീസിലെ വിഭാഗങ്ങളായ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), ബസ്തർ ഫൈറ്റേഴ്സ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകൾ വധിച്ചത്.