
മീററ്റിൽ സൈനികനെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു; 6 പേർ അറസ്റ്റിൽ | Video
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മീററ്റിൽ സൈനികനെ ആക്രമിച്ച സംഭവത്തിൽ 6 പേർ അറസ്റ്റിൽ. രജ്പുത് റജിമെന്‍റിലെ സൈനികനായ കപിൽ കവാദിനെയാണ് ടോൾ ബൂത്ത് ജീവനക്കാർ തൂണിൽ കെട്ടിയിട്ട് തല്ലിയത്. അവധിക്കു ശേഷം തിരിച്ച് ഡ്യൂട്ടിക്കായി ശ്രീനഗറിലേക്ക് മടങ്ങുകയായിരുന്നു കപിൽ ബന്ധുവും. ഡൽഹി വിമാനത്താവളത്തിലേക്ക് പോകും വഴി, ഭുനി ടോൾ ബൂത്തിലെ ഗതാഗത കുരുക്കിൽ പെട്ടതോടെ സമയത്ത് വിമാനത്താവളത്തിൽ എത്താന്‍ ആവാതായതോടെ, കപിൽ ടോൾ ബൂത്ത് ജീവനക്കാരുമായി സംസാരിച്ച് വാക്കേറ്റത്തിലെത്തുകയും പിന്നീട് കൈയാങ്കളിയുമായി.
തുടർന്ന് 6 ജീവനക്കാർ ചേർന്ന് കപിലിനെ ടോൾ ബൂത്തിനു സമീപത്തെ തൂണുകളിലൊന്നിലേക്ക് പിടിച്ചുകെട്ടി. സൈനികനെ ക്രൂരമായി വടി ഉപയോഗിച്ചും കൈകൾ കൊണ്ടും മർദ്ദിക്കുന്നതിന്‍റേയും അസഭ്യം പറയുന്നതിന്‍റേയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ കാണാം. സംഭവത്തിൽ സരൂർപൂർ പൊലീസ് കേസെടുത്തതിനു പിന്നാലെയുള്ള അന്വേണത്തിലാണ് 6 പേർ അറസ്റ്റിലാവുന്നത്. അതേസമയം, സൈനികനെ മർദിച്ചതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഉച്ചയോടെ ഒരു കൂട്ടം ആളുകൾ ടോൾ ബൂത്തും ബാരിയറുകളും തല്ലി തകർത്തു.