370ാം അനുച്ഛേദം അംബേദ്കറുടെ ആശയത്തിനു വിരുദ്ധം: ചീഫ് ജസ്റ്റിസ്

ഭരണഘടനാ ആമുഖ പാർക്ക് ഉദ്ഘാടനം ചെയ്യുമ്പോഴാണു 370ാം അനുച്ഛേദത്തിനെതിരേ ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്.
Article 370 is against Ambedkar's ideology: Chief Justice

ജസ്റ്റിസ് ബി.ആർ. ഗവായ്

Updated on

നാഗ്പുർ: ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370ാം അനുച്ഛേദം ഡോ. ബി.ആർ. അംബേദ്കറുടെ ആശയങ്ങൾക്കു വിരുദ്ധമായിരുന്നെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. രാജ്യത്തെ ഐക്യത്തോടെ നിലനിർത്താൻ വേണ്ടിയുള്ള ഭരണഘടനയാണ് അംബേദ്കർ വിഭാവനം ചെയ്തത്. ഒരു സംസ്ഥാനത്തു പ്രത്യേക ഭരണഘടനയെന്ന ആശയത്തോട് അദ്ദേഹം യോജിച്ചിരുന്നില്ലെന്നും ചീഫ് ജസ്റ്റിസ്.

ഭരണഘടനാ ആമുഖ പാർക്ക് ഉദ്ഘാടനം ചെയ്യുമ്പോഴാണു 370ാം അനുച്ഛേദത്തിനെതിരേ ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവച്ച സുപ്രീം കോടതി ബെഞ്ചിൽ അംഗമായിരുന്നു ഗവായ്. അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുളള അഞ്ചംഗ ബെഞ്ചാണു സർക്കാർ നടപടി ശരിവച്ചത്.

370ാം അനുച്ഛേദം റദ്ദാക്കിയതിനെതിരായ കേസ് പരിഗണിക്കുമ്പോൾ ഒരു രാജ്യത്തിന് ഒരു ഭരണഘടനയെന്ന അംബേദ്കറുടെ വാക്കുകൾ ഓർമിച്ചിരുന്നെന്നും ചീഫ് ജസ്റ്റിസ്. രാജ്യത്തെ ഒന്നായി നിലനിർത്തണമെങ്കിൽ നമുക്ക് ഒരു ഭരണഘടനയേ പാടുള്ളൂ.

ഫെഡറലിസത്തിന് ഏറെ പ്രാധാന്യം നൽകിയെന്നതിന്‍റെ പേരിൽ അംബേദ്കർ ഏറെ പഴികേട്ടു. യുദ്ധകാലത്ത് രാജ്യം ഒരുമിച്ചു നിൽക്കില്ലെന്നായിരുന്നു ആരോപണം. എന്നാൽ, എല്ലാ വെല്ലുവിളികളെയും മറികടക്കാനാകുന്നതായിരുന്നു ഭരണഘടന. അതു രാജ്യത്തെ ഒരുമിപ്പിച്ചു നിർത്തി.

പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ശ്രീലങ്കയിലെയും സാഹചര്യങ്ങൾ നോക്കുക. നമ്മുടെ രാജ്യം വെല്ലുവിളി നേരിട്ടപ്പോഴെല്ലാം ഒരുമിച്ചു നിന്നു- ഗവായ് പറഞ്ഞു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com