നിർദിഷ്ട ഡാമിന്‍റെ ഭാവനാത്മക ചിത്രം.
'ചൈനയെ തടയാൻ' അരുണാചലിൽ ഭീമൻ ഡാം
ബ്രഹ്മപുത്ര നദിയിൽ ചൈന കൂറ്റൻ അണക്കെട്ട് നിർമിക്കുന്ന പശ്ചാത്തലത്തിലാണ് അരുണാചലിൽ ബ്രഹ്മപുത്രയുടെ പോഷകനദിയായ ദിബാങ്ങിൽ ഡാം നിർമിക്കാനുള്ള ഇന്ത്യയുടെറെ തീരുമാനം.
ന്യൂഡല്‍ഹി: അരുണാചൽ പ്രദേശിലെ ദിബാങ് നദിയിൽ രാജ്യത്തെ ഏറ്റവും ഉയരമുള്ള അണക്കെട്ട് നിർമിക്കാൻ ഇന്ത്യ. 278 മീറ്റർ ഉയരമുള്ള അണക്കെട്ട് ഉൾപ്പെടുന്ന വിവിധോദ്ദേശ്യ പദ്ധതിക്കുവേണ്ടി പൊതുമേഖലാ സ്ഥാപനമായ ദേശിയ ജല വൈദ്യുത കോർപ്പറേഷൻ (എൻഎച്ച്പിസി) ആഗോള ടെൻഡർ ക്ഷണിച്ചു. 17,069 കോടി രൂപയുടെ പദ്ധതി 91 മാസം കൊണ്ടു പൂർത്തിയാക്കുകയാണു ലക്ഷ്യം.
ബ്രഹ്മപുത്രാ നദിയിൽ ചൈന കൂറ്റൻ അണക്കെട്ട് നിർമിക്കുന്ന പശ്ചാത്തലത്തിലാണ് അരുണാചലിൽ ബ്രഹ്മപുത്രയുടെ പോഷകനദിയായ ദിബാങ്ങിൽ ഡാം നിർമിക്കാൻ കേന്ദ്ര സർക്കാരിന്‍റെ തീരുമാനം. ചൈനയുടെ അണക്കെട്ട് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതിനാൽ പ്രതിരോധ കവചമെന്ന നിലയിലാകും പുതിയ ഡാം.
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവും എൻഎച്ച്പിസി ചെയർമാൻ സഞ്ജയ് കുമാർ സിങ്ങും കഴിഞ്ഞ ദിവസം മിൻലി ഗ്രാമത്തിലെ നിർദിഷ്ട പദ്ധതി പ്രദേശം സന്ദർശിച്ചു. 2032ൽ പദ്ധതി പൂർത്തിയാക്കുമെന്നു ഖണ്ഡു പറഞ്ഞു.
ചൈനയിലെ അണക്കെട്ടിന്‍റെ നിർമാണം പൂര്‍ത്തിയായാല്‍ സിയാങ്, ബ്രഹ്‌മപുത്ര നദികള്‍ ഗണ്യമായി വറ്റിപ്പോകുമെന്നും ഇവിടെ നിന്നു പെട്ടെന്നു വെള്ളം തുറന്നുവിടുന്നത് ഇന്ത്യയിൽ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്നും പേമ ഖണ്ഡു നേരത്തേ പറഞ്ഞിരുന്നു. ബ്രഹ്മപുത്രയിലെ അണക്കെട്ട് ചൈനയ്ക്ക് ജലബോംബ് ആയി ഉപയോഗിക്കാനാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
11,22.3 കോടി യൂണിറ്റ് വാര്‍ഷിക വൈദ്യുതി ഉത്പാദന ശേഷിയുള്ള ദിബാങ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ വൈദ്യുതോത്പാദനവും വെള്ളപ്പൊക്ക നിയന്ത്രണവുമാണെന്ന് എന്‍എച്ച്പിസിയുടെ താത്പര്യ പത്രത്തിൽ പറയുന്നു.
ദിബാങ് നദി
ബ്രഹ്‌മപുത്ര നദിയുടെ പ്രധാന പോഷകനദികളില്‍ ഒന്നാണ് ദിബാങ് നദി. ബ്രഹ്‌മപുത്രയിലെ വാർഷിക ജലസമ്പത്തിൽ ഏഴു ശതമാനം ഇവിടെ നിന്നാണ്.
ടിബറ്റ് അതിര്‍ത്തിയോട് ചേർന്ന്, ഹിമാലയത്തിന്‍റെ തെക്കന്‍ ചരിവിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദി വടക്കു നിന്ന് തെക്കോട്ട് ദിബാങ് താഴ്വരയിലൂടെ ഒഴുകി അസമിലെ സാദിയയ്ക്ക് സമീപം ലോഹിത് നദിയിലാണു ചേരുന്നത്. ഉദ്ഭവം മുതല്‍ സംഗമസ്ഥാനം വരെ നീളം 195 കിലോമീറ്ററാണ് നീളം.