

അരുണാചൽപ്രദേശിലെ തടാകത്തിൽ വീണ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തണുത്ത് ഉറഞ്ഞ സേല തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു. കൊല്ലം നെടുമ്പന സ്വദേശി ബിനു പ്രകാശ്, മലപ്പുറം സ്വദേശി മാധവ് മധു എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. ബിനുവിന്‍റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ടോടെ കണ്ടെത്തി. മാധവിന്‍റെ മൃതദേഹം ശനിയാഴ്ചയാണ് കിട്ടിയത്.
ഗുവാഹത്തി വഴി അരുണാചലിൽ എത്തിയ ഏഴംഗ വിനോദസഞ്ചാര സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ.
ഇവരുടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ തടാകത്തിൽ വീഴുകയായിരുന്നു. അയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും വെള്ളത്തിൽ വീണത്. ആദ്യം വെള്ളത്തിൽ വീണ ആൾ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകട വിവരം പൊലീസിന് ലഭിച്ചത്. അപ്പോൾ മുതൽ പൊലീസും ദുരന്തനിവാരണ സേനയും കേന്ദ്രസേനയും തിരച്ചിൽ നടത്തുകയായിരുന്നു. വെളിച്ചക്കുറവും മോശം കാലാവസ്ഥയും തെരച്ചിലിനെ ബാധിച്ചിരുന്നു.