
ന്യൂഡൽഹി: ഈ ജന്മത്തിൽ നരേന്ദ്ര മോദിക്ക് ഡൽഹിയിൽ തന്നെ പരാജയപ്പെടുത്താനാവില്ലെന്നായിരുന്നു രണ്ടു വർഷം മുൻപൊരു എഎപി യോഗത്തിൽ അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പിലൂടെ ഡൽഹി പിടിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും മോദി അതിനു പല ജന്മങ്ങളെടുക്കേണ്ടി വരുമെന്നും കെജ്‌രിവാൾ പരിഹസിച്ചിരുന്നു. എന്നാൽ, അതിരുകടന്ന ആത്മവിശ്വാസം ഇപ്പോൾ അദ്ദേഹത്തിനു തന്നെ തിരിച്ചടിയായി. മോദിക്കു പ്രധാനമന്ത്രിയായി മൂന്നാമൂഴം ലഭിച്ച് ഒരു വർഷം മുൻപേ എഎപി ഡൽഹിയുടെ ഭരണത്തിൽ നിന്നു തൂത്തെറിയപ്പെട്ടിരിക്കുന്നു. കെജ്‌രിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അടക്കം മുതിർന്ന എഎപി നേതാക്കളെയെല്ലാം തലസ്ഥാനത്തെ വോട്ടർമാർ തോൽവി എന്തെന്ന് പഠിപ്പിച്ചിരിക്കുന്നു.
അഴിമതിയോടുള്ള ജനരോഷത്തിന്‍റെ ഉത്പന്നമായിരുന്നു 13 വർഷം മുൻപ് രൂപം കൊള്ളുമ്പോൾ എഎപി. ഡൽഹിയിലെ ഷീല ദീക്ഷിത് സർക്കാരിനെതിരേ ഉയർന്ന കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിലുൾപ്പെടെ ഉയർന്ന അഴിമതിയാരോപണങ്ങളും യുപിഎ സർക്കാരിനെതിരായ വിവാദങ്ങളുമായിരുന്നു കെജ്‌രിവാളിനെ വിശ്വസിക്കാൻ ഡൽഹി ജനതയെ പ്രേരിപ്പിച്ചത്. എന്നാൽ, ഇന്ന് അതേ അഴിമതി തന്നെ എഎപിയെ തുടച്ചുനീക്കാൻ തലസ്ഥാനത്തെ പ്രേരിപ്പിച്ചിരിക്കുന്നു. മദ്യനയക്കേസും അറസ്റ്റിലായിട്ടും മുഖ്യമന്ത്രിയായി ജയിലിൽ കഴിഞ്ഞ കെജ്‌രിവാളിന്‍റെ അധികാരത്തോടുള്ള പ്രമത്തതയും പാർട്ടിയിലെ ഏകാധിപത്യവുമെല്ലാം അവർക്ക് തിരിച്ചടിയായി. കൂടാതെ വര്‍ഗീയതയോട് സന്ധി ചെയ്യുന്നു, ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നു എന്നതടക്കമുളള ആരോപണങ്ങളും നേരിടുന്നു എഎപി.
മദ്യനയ അഴിമതിയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ആഡംബര വസതിയാക്കി മാറ്റിയെന്ന ആരോപണവുമെല്ലാം തെരഞ്ഞെടുപ്പിനെ വലിയ തോതിൽ സ്വാധീനിച്ചു. എല്ലാം ബിജെപിയുടെ നുണ പ്രചാരണമെന്ന വാദം ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ലെന്നു തിരിച്ചറിയാൻ അവസാന നിമിഷവും കെജ്‌രിവാളിന് സാധിച്ചില്ല. ഏഴു മാസം ജയിലിൽ കഴിയുമ്പോഴും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്ത കെജ്‌രിവാളിന്‍റെ കടുംപിടിത്തം ഡൽഹിയിലുണ്ടാക്കിയ ഭരണസ്തംഭനം ചെറുതായിരുന്നില്ല. ഇതും ജനങ്ങളിൽ മടുപ്പുണ്ടാക്കി.
മുഖ്യമന്ത്രിയായുള്ള ആദ്യ ടേമിൽ നിരന്തരം കേന്ദ്ര സർക്കാരിനും മോദിക്കുമെതിരേ സമരമായിരുന്നു കെജ്‌രിവാളിന്‍റെ ശൈലി. ഇതു തിരിച്ചടിച്ചതോടെ 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപായി കെജ്‌രിവാൾ കേന്ദ്രത്തിനെതിരായ സമരവും മോദിക്കെതിരേ വ്യക്തിപരമായ ആക്രമണവും ഒഴിവാക്കിയിരുന്നു. എന്നാൽ, ഇത്തവണ ഈ ശൈലിയിലേക്കു മടങ്ങിയതും ജനം തള്ളി.
തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിൽ ഹരിയാനയിലെ ബിജെപി സർക്കാർ ഡൽഹിക്കാർ കുടിക്കുന്ന യമുനാ ജലത്തിൽ വിഷം കലർത്തിയെന്ന ആരോപണം വലിയ തിരിച്ചടിയാണ് എഎപിക്കു നൽകിയത്. ഹരിയാന അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലെല്ലാം എഎപിക്ക് കാലിടറി. ജാട്ടുകളും കെജ്‌രിവാളിനെ കൈവിട്ടു. യമുനാ നദി ശുചീകരിക്കുമെന്ന വാഗ്ദാനം പാലിക്കാനാവാതെ ബിജെപിയെ കുറ്റം പറയുന്നുവെന്നാണ് ജനം വിലയിരുത്തിയത്.
അധികാരത്തിലെത്താന്‍ നല്‍കിയ പല വാഗ്ദാനങ്ങളും നിറവേറ്റുന്നതില്‍ മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള പരാജയവും വോട്ടിൽ പ്രതിഫലിച്ചു. വൈദ്യുതിയും വെള്ളവും ചികിത്സയുമടക്കം സൗജന്യങ്ങൾ നൽകിയെങ്കിലും സാര്‍വത്രിക വികസനം കഴിഞ്ഞ 10 വർഷത്തിലേറെയായി മരവിച്ചു. മലീകരണം കുറയ്ക്കല്‍, തൊഴിലില്ലായ്മയ്ക്ക് പരിഹാരം, ജീവിതസൗകര്യങ്ങളുടെ വികസനം തുടങ്ങി കാതലായ പ്രശ്നങ്ങളിൽ പരിഹാരമുണ്ടായില്ല.