'അഹിന്ദുക്കളുടെ മേൽ ഹിന്ദു നിയമം അടിച്ചേൽപ്പിക്കുന്നതിന് തുല‍്യം'; ഏകീകൃത സിവിൽ കോഡിനെതിരേ അസദുദ്ദീൻ ഒവൈസി

മുസ്‌ലിംകളെ ലക്ഷ‍്യമിട്ടുള്ളതാണ് ഏകീകൃത സിവിൽ കോഡെന്നാണ് ഒവൈസി പറയുന്നത്
asaduddin owaisi against uniform civil code and amit shah

അസദുദ്ദീൻ ഒവൈസി

Updated on

ന‍്യൂഡൽഹി: 2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പറഞ്ഞ കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി ലോക്സഭാ എംപി അസദുദ്ദീൻ ഒവൈസി.

ബഹുസ്വരതയിലാണ് ഈ രാജ‍്യത്തിന്‍റെ ആത്മാവെന്നും ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്നത് അഹിന്ദുക്കളുടെ മേൽ ഹിന്ദു നിയമം അടിച്ചേൽപ്പിക്കുന്നതിന് തുല‍്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുല‍്യതയെ പറ്റിയുള്ളതല്ല യുസിസിയെന്നും മറിച്ച് മുസ്‌ലിംകളെ ലക്ഷ‍്യമിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുസിസി ആവശ‍്യമുള്ളതോ അഭികാമ‍്യമോ അല്ലെന്ന് എൻഡിഎ സർക്കാർ നിയോഗിച്ച കമ്മിഷൻ വിലയിരുത്തിയ കാര‍്യവും ഒവൈസി ചൂണ്ടിക്കാട്ടി. എക്സിൽ പങ്കുവച്ച പോസ്റ്റിലായിരുന്നു ഒവൈസിയുടെ വിമർശനം.

മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു അമിത് ഷാ യുസിസിയെ പറ്റിയുള്ള പരാമർശം നടത്തിയത്. ഞങ്ങൾ പല സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കി. 2029ന് മുൻപായി എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഇതായിരുന്നു അമിത് ഷായുടെ പരാമർശം. അഞ്ച് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നക്സലിസം ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അവസാനിപ്പിച്ചെന്നും രാജ‍്യത്തെ വടക്കുകിഴക്കൻ മേഖലയിൽ 14ലേറെ സമാധാന കരാറുകളിൽ ഒപ്പുവച്ചതായും 9,000ത്തിലധികം ആളുകൾ കീഴടങ്ങിയെന്നും അമിത് ഷാ പറഞ്ഞിരുന്നു.

logo
Metro Vaartha
www.metrovaartha.com