എസ്‌ഐആർ നടപടിക്കെതിരേ അസദുദ്ദീൻ ഒവൈസി സുപ്രീം കോടതിയിൽ

എസ്‌ഐആർ നടപടികൾക്കും അതിന്‍റെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതായി ഉയർന്ന ആരോപണങ്ങൾക്കുമെതിരേ വിവിധ നിയമനടപടികൾ തുടരുന്നതിനിടെയാണ് ഒവൈസിയുടെ ഹർജി
asaduddin owaisi

അസദുദ്ദീൻ ഒവൈസി

Updated on: 

ന്യൂഡൽഹി: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്‌ഐആർ) നടപടിക്രമങ്ങളെ ചോദ്യം ചെയ്ത് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തിൽ നിലവിലുള്ള മറ്റ് ഹർജികൾക്കൊപ്പം ഒവൈസിയുടെ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു.

എസ്‌ഐആർ നടപടികളിൽ ക്രമക്കേടുകൾ നടക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ നിയമവിരുദ്ധമാണെന്നും ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതിപക്ഷത്തെ പ്രമുഖരായ പത്ത് പേരും നേരത്തേ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഒവൈസിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ നിസാമുദ്ദീൻ പാഷ, സമാനമായ വിഷയങ്ങളിലുള്ള ഹർജികൾക്കൊപ്പം ഒവൈസിയുടെ ഹർജിയും വ്യാഴാഴ്ച പരിഗണിക്കാൻ ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയായിരുന്നു ആവശ്യം.

എസ്‌ഐആർ നടപടികൾ എങ്ങനെയാണ് നടപ്പാക്കുന്നതെന്നതാണ് ഹർജിയിലെ പ്രധാന വിഷയമെന്ന് പാഷ കോടതിയെ അറിയിച്ചു. സമാനമായ ഹർജികൾക്കൊപ്പം വിഷയം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സൂചിപ്പിച്ചു. പരിഗണനയ്ക്കായി സമർപ്പിച്ച അപേക്ഷയോടൊപ്പമുള്ള മെമ്മോയിൽ ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പാഷ വ്യക്തമാക്കി.

എസ്‌ഐആർ നടപടികൾക്കും അതിന്‍റെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതായി ഉയർന്ന ആരോപണങ്ങൾക്കുമെതിരേ വിവിധ നിയമനടപടികൾ തുടരുന്നതിനിടെയാണ് ഒവൈസിയുടെ ഹർജി.

logo
Metro Vaartha
www.metrovaartha.com