
ന്യൂഡൽഹി: റെയിൽവേ വികസനത്തിന് കേരളത്തിന് 3042 കോടി രൂപ വകയിരുത്തിയതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. കേരളത്തില്‍ 32 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുമെന്നും രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെയിനുകൾകൂടി അനുവദിക്കുമെന്നും ഡൽഹിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കവെ അശ്വനി വൈഷ്ണവ് പറഞ്ഞു.
റെയിൽവെയിൽ 15742 കോടി രൂപയുടെ വികസനം നടത്തി. 35 സ്റ്റേഷനുകൾ നവീകരിച്ചു. പുതിയ 14000 അൺറിസർവർഡ് കോച്ചുകൾ നിർമ്മിച്ചു. 100 കിലോമീറ്റർ ദൂരത്തിൽ നമോ ഭാരത് ട്രെയിനുകളുടെ ഷട്ടിൽ സർവീസാണ് റെയിൽവെയിൽ വരുന്ന പ്രധാന മാറ്റം.
കേരളവുമായി ബന്ധപ്പെട്ട് നിലമ്പൂർ - നഞ്ചൻകോട് പദ്ധതി നടത്തിപ്പിലാണ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ എത്തും. കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തിക്കുന്നത് പരിഗണനയിലാണ്. ശബരി റെയിൽവേ പാത യുടെ കാര്യത്തിൽ ത്രികക്ഷി കരാറിൽ ഏർപെടാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്‍റെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.