Assam gangrape: Suspect in police custody dies after jumping into pond
തഫാസുൾ ഇസ്‌ലാം (തഫീഖുൾ)

14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്: അറസ്റ്റിലായ പ്രതി ജീവനൊടുക്കി

പ്രതിയുടെ കുടുംബത്തെ ബഹിഷ്കരിച്ച് നാട്ടുകാർ
Published on

ഗോഹട്ടി: അസമിലെ നഗാവിൽ ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി കുളത്തിൽ ചാടി ജീവനൊടുക്കി. സംഭവമുണ്ടായ ധിങ്ങിലെ കുളത്തിനു സമീപം പൊലീസ് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് പ്രതി തഫാസുൾ ഇസ്‌ലാം (തഫീഖുൾ) ആത്മഹത്യ ചെയ്തത്. ശനിയാഴ്ച പുലർച്ചെ മൂന്നരയ്ക്കായിരുന്നു സംഭവമെന്നു പൊലീസ്.

വിലങ്ങുമായി വെള്ളത്തിലേക്കു ചാടിയ പ്രതിയെ ഏറെ നേരം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. രണ്ടു മണിക്കൂറിനുശേഷം സംസ്ഥാന ദുരന്ത നിവാരണ സേന നടത്തിയ തെരച്ചിലിൽ കുളത്തിനടിയിൽ മൃതദേഹം കണ്ടെത്തി. ഇയാളുടെ മൃതദേഹം നാട്ടിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് ഗ്രാമവാസികൾ രംഗത്തെത്തി. ഇയാളുടെ കബറടക്ക ചടങ്ങുകളിൽ പങ്കെടുക്കില്ലെന്നും തഫീഖുളിന്‍റെ കൂട്ടുപ്രതികളായ രണ്ടു പേരെ ഏറ്റവും വേഗം അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്കു മടങ്ങിയ ഹിന്ദു പെൺകുട്ടിയെയാണു ബൈക്കിലെത്തിയ മൂന്നംഗ സംഘം കുളത്തിനു സമീപം പീഡിപ്പിച്ചത്. ശരീരമാകെ മുറിവുകളോടെ അബോധാവസ്ഥയിൽ കുളത്തിനു സമീപം കണ്ടെത്തിയ കുട്ടിയെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രതികളുടെ നാടായ ബോർഭേത്തിയിൽ മുതിർന്ന അംഗം മുഹമ്മദ് ഷാജഹാൻ അലി ചൗധരിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ചേർന്ന യോഗം പ്രതികളുടെ കുടുംബത്തെ ബഹിഷ്കരിക്കുമെന്നു പ്രഖ്യാപിച്ചു. പ്രതികൾ നാടിനു നാണക്കേടും ദുഃഖവുമുണ്ടാക്കിയെന്നും അദ്ദേഹം. പ്രതികൾക്കെതിരേ നടപടി ആവശ്യപ്പെട്ട് ബോർഭേത്തി പള്ളിയിൽ നിന്ന് മാർച്ച് നടത്തി. അതിനിടെ, അസമിലെ ലഖിംപുരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട വ്യത്യസ്ത സംഭവങ്ങളിൽ രണ്ടു പേർ അറസ്റ്റിലായി.

logo
Metro Vaartha
www.metrovaartha.com