ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള ചട്ടങ്ങൾ തയാറാക്കാൻ സമിതിയെ നിയോഗിച്ച് അസം സർക്കാർ

എട്ടംഗ സമിതി ഒരു മാസത്തിനകം കരട് ചട്ടങ്ങൾ സമർപ്പിക്കണമെന്ന് സർക്കാർ നിർദേശിച്ചു
Assam government appoints a committee to draft rules for the implementation of the Uniform Civil Code.

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള ചട്ടങ്ങൾ തയാറാക്കാൻ സമിതിയെ നിയോഗിച്ച് അസം സർക്കാർ

Updated on: 

ഗുവാഹത്തി: ഏകീകൃത സിവിൽ കോഡ് (യുസിസി) നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ തയാറാക്കാൻ സമിതിയെ നിയോഗിച്ച് അസം സർക്കാർ. എട്ടംഗ സമിതി ഒരു മാസത്തിനകം കരട് ചട്ടങ്ങൾ സമർപ്പിക്കണമെന്ന് സർക്കാർ നിർദേശിച്ചു.

വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ലിവ്-ഇൻ ബന്ധങ്ങൾ എന്നിവ മതഭേദമന്യേ ഒരേ നിയമചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ഏകീകൃത സിവിൽ കോഡ് ബിൽ അസം നിയമസഭ മേയ് 27നാണ് പാസാക്കിയത്.

ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിനായി കേന്ദ്ര സർക്കാരിന് കൈമാറിയതായി ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അജയ് തിവാരി ഒക്റ്റോബർ 13ന് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

ആഭ്യന്തരവകുപ്പ് സെക്രട്ടറി ദേബ പ്രസാദ് മിശ്രയാണ് ചട്ടങ്ങൾ തയ്യാറാക്കാനുള്ള സമിതിയുടെ അധ്യക്ഷൻ. ധനകാര്യ വകുപ്പ് സ്പെഷ്യൽ കമ്മിഷണറും സെക്രട്ടറിയുമായ പാർഥ പ്രതിം മജുംദാർ, നിയമകാര്യ സെക്രട്ടറി ഗീതാഞ്ജലി ഡി. സൈകിയ, ന്യൂനപക്ഷ ക്ഷേമ-വികസന സെക്രട്ടറി ഫരീദ സാംസുൽ, ആഭ്യന്തരവകുപ്പ് അഡിഷണൽ സെക്രട്ടറി മൃദുൽ കെ. ദാസ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

മേയിൽ ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കിയതോടെ ഉത്തരാഖണ്ഡിനും ഗുജറാത്തിനും പിന്നാലെ ഈ നടപടി സ്വീകരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി അസം മാറിയിരുന്നു. ബഹുഭാര്യാത്വം നിരോധിക്കുക, ലിവ്-ഇൻ ബന്ധങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യുക തുടങ്ങിയ വ്യവസ്ഥകളാണ് ബില്ലിലുള്ളത്. എന്നാൽ അസമിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമം ബാധകമാകില്ല.

ബഹുഭാര്യാത്വത്തിന് ഏഴ് വർഷം വരെ തടവും ലിവ്-ഇൻ ബന്ധം രജിസ്റ്റർ ചെയ്യാത്തവർക്ക് മൂന്ന് മാസം തടവും ഉൾപ്പെടെയുള്ള ശിക്ഷാനടപടികളും ബില്ലിൽ നിർദേശിക്കുന്നുണ്ട്.