

സ്വതന്ത്ര ഭരദ്വാജ്
ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ വിദ്യാർഥി പ്രവർത്തകന്‍റെ പിതാവിനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ ഹിന്ദുത്വ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജ് തിഹാർ ജയിലിൽ നിന്ന് മോചിതനായി. വ്യാഴാഴ്ച രാത്രി വൈകിയാണ് മോചനം. ഡൽഹി കോടതി മൂന്ന് ആഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ജയിൽ മോചിതനായത്.
ജയിലിന് പുറത്ത് കാത്തുനിന്ന കാറിലേക്ക് ഭരദ്വാജ് വേഗത്തിൽ നടന്നു പോകുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. സഹപ്രവർത്തകർക്കൊപ്പമാണ് ഇയാൾ കാറിൽ മടങ്ങിയത്. സെപ്റ്റംബർ 15നാണ് ഡൽഹി കോടതി ഭരദ്വാജിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ഈ കാലയളവിലെ പെരുമാറ്റം വിലയിരുത്തിയശേഷം സ്ഥിരം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
കേസിനെക്കുറിച്ചോ പരാതിക്കാരന്‍റെ കുടുംബത്തെക്കുറിച്ചോ സമൂഹ മാധ്യമങ്ങളിലോ മറ്റ് മാധ്യമ പ്ലാറ്റ്‌ഫോമുകളിലോ പോസ്റ്റുകളോ ചർച്ചകളോ നടത്തരുതെന്നതടക്കമുള്ള നിരവധി നിബന്ധനകളും കോടതി ഏർപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരനുമായോ മകളുമായോ സാക്ഷികളുമായോ ബന്ധപ്പെടരുതെന്നും തെളിവുകളിൽ കൃത്രിമം കാണിക്കരുതെന്നും കോടതി നിർദേശിച്ചു. ജാമ്യത്തിലിറങ്ങുമ്പോൾ പരസ്യ ആഘോഷങ്ങൾ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. കേസ് ഇനി ഒക്റ്റോബർ ആറിന് പരിഗണിക്കും.
സെപ്റ്റംബർ നാലിന് ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ നിന്നാണ് ഭരദ്വാജിനെ അറസ്റ്റ് ചെയ്തത്. ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധിച്ചതിന് പിന്നാലെയായിരുന്നു നടപടി. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെ തുടർന്ന് തിഹാർ ജയിലിൽ അടയ്ക്കുകയായിരുന്നു.