

കശ്മീരിൽ ലഷ്കർ ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ജവാൻമാർക്ക് നേരെ ആക്രമണം നടത്തിയ ലഷ്കർ ഇ ത്വെയ്ബ ഭീകരരിൽ ഒരാൾ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മറ്റൊരു ഭീകരനെ പിടികൂടുകയും ചെയ്തു. കരസേന, ജമ്മു കശ്മീർ പൊലീസിന്‍റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചത്.
കുൽഗാം സ്വദേശിയായ ലത്തീഫ് ഭട്ട് ആണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാൻ ഭീകരർക്കൊപ്പം പ്രവർത്തിച്ചിരുന്ന ഇയാൾ സൗത്ത് കശ്മീരിലെ വിവിധ ഒളിയിടങ്ങളിലാണ് കഴിഞ്ഞിരുന്നത്. ജൂലായ് 22ന് ലാൽ ചൗക്കിൽ പൊലീസ് കോൺസ്റ്റബിളിനെയും 31ന് കുൽഗാമിൽ അതിഥിത്തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.
നവംബർ 11നാണ് കുൽഗാമിലെ മിർ ബസാറിന് സമീപത്തെ സിആർപിഎഫ് ചെക്പോസ്റ്റിന് നേർക്ക് ഭട്ടും മറ്റൊരു ഭീകരനും ചേർന്ന് കനത്ത വെടിവയ്പ്പ് നടത്തിയത്. ആക്രമണത്തിൽ മൂന്ന് ജവാൻമാർക്ക് പരുക്കേറ്റിരുന്നു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ആക്രമണത്തിന് ശേഷം ഭീകരർ വനത്തിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെ സുരക്ഷാസേനകൾ ഭീകരർക്കായി തെരച്ചിൽ നടത്തിവരികയായിരുന്നു.
കുൽഗാം ആക്രമണത്തിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ ക്വിഷ്താറിൽ ബാബി ചന്ദ്, യശ്പാൽ കുമാർ എന്നീ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഭീകരവിരുദ്ധ ഓപ്പറേഷനിൽ സൈന്യത്തോടൊപ്പം ചേരാൻ പോകുന്നതിനിടെയായിരുന്നു ആക്രമണം.
കഴിഞ്ഞയാഴ്ചത്തെ ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ ഉടനീളം ജാഗ്രത ശക്തമാക്കിയതായി സിആർപിഎഫ് സ്പെഷ്യൽ ഡയറക്റ്റർ ജനറൽ സന്ദീപ് ഖിർവാർ തിങ്കളാഴ്ച അറിയിച്ചു.