

ടൈഗർ ഷ്രോഫ്
മുംബൈ: തനിക്കെതിരേ നടന്ന വധശ്രമത്തിൽ ഇപ്പോഴും കടുത്ത ഞെട്ടലിലാണെന്ന് ബോളിവുഡ് താരം ടൈഗർ ഷ്രോഫ്. ആരുമായും ശത്രുതയില്ലെന്നും തന്നെ ആക്രമിക്കാൻ ആരാണ് തുനിഞ്ഞതെന്നും എന്തിനാണെന്നും മനസിലാകുന്നില്ലെന്നും താരം പൊലീസിനോട് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഒക്റ്റോബർ 18ന് മുംബൈയിലെ ജുഹുവിൽ ടൈഗർ ഷ്രോഫിന്റെ ബിഎംഡബ്ല്യു കാറിന് നേരെ രണ്ട് പേർ വെടിയുതിർത്തിരുന്നു. അഞ്ചോ ആറോ തവണ വെടിയുതിർത്ത ശേഷം അക്രമികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കാറിന്റെ മുൻസീറ്റിൽ യാത്ര ചെയ്തിരുന്ന ടൈഗർ പരുക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഡ്രൈവർക്കും ഒരു വ്ലോഗർക്കും പരുക്കേറ്റു.
സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ടൈഗറിന്റെ മൊഴിയെടുക്കാൻ താരത്തിന്റെ വീട്ടിലെത്തിയിരുന്നു. തനിക്ക് ആരോടും ശത്രുതയില്ലെന്നും ജീവന് ഭീഷണിയായ ഇത്തരമൊരു ആക്രമണം എന്തിനാണ് നടത്തിയതെന്ന് അറിയില്ലെന്നും താരം ഉദ്യോഗസ്ഥരോട് പറഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ടൈഗറിന്റെ ഡ്രൈവർ ഫിർദൗസ് ബലോച്ചിന്റെയും വ്ലോഗർ ഉമേഷ് ചൗഹാന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നടൻ ജാക്കി ഷ്രോഫിന്റെ മകനായ ടൈഗർ ഫുട്ബോൾ കളിച്ചശേഷം വൈകിട്ട് ഏഴോടെ മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.
ഹരിയാന സ്വദേശികളായ ഫൂൽ സിങ് (18), റെയ്ഹാൻ റഹിസുദ്ദീൻ അൻസാരി (18) എന്നിവരാണ് വെടിയുതിർത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബിഹാർ സ്വദേശിയായ ഹൃതിക് കുമാർ എന്ന റോഷൻ (22) ആണ് മൂന്നാം പ്രതി. മൂന്ന് പേരെയും രാജസ്ഥാനിലെ കോട്ടയിൽ നിന്ന് പിടികൂടിയിരുന്നു.
ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുള്ളവർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. കേസിൽ ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന തോക്കുകളും വെടിയുണ്ടകളും സൂറത്തിൽ നിന്ന് കണ്ടെത്തിയിരുന്നു.