ഔറംഗസേബിന്‍റെ കല്ലറ പൊളിക്കണമെന്ന് ആവശ്യം; 'കര്‍സേവ' നടത്തുമെന്ന് സംഘപരിവാർ

പ്രദേശത്ത് സുരക്ഷ ശക്തമാക്കി ജില്ലാഭരണകൂടം
Aurangzeb tomb demolition Security Tightened

ഔറംഗസീബിന്‍റെ കല്ലറ പൊളിക്കണമെന്ന് ആവശ്യം; 'കര്‍സേവ' നടത്തുമെന്ന് സംഘപരിവാറിന്‍റെ മുന്നറിയിപ്പ്

Updated on

മുംബൈ: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്‍റെ സംഭാജി നഗറിലെ ഖുല്‍ദാബാദിലുള്ള ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍. ഔറംഗസേബിന്‍റെ ശവകുടീരം നീക്കം ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്തും (വിഎച്ച്‌പി) ബജ്‌റംഗ് ദൾ സംഘടനകളും രംഗത്തെത്തി. ശവകുടീരം നീക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടാൽ 'കര്‍സേവ' നടത്തുമെന്ന് ബജ്‌റംഗ് ദളും വിശ്വഹിന്ദു പരിഷത്തും പ്രഖ്യാപിച്ചു.

ഔറംഗസേബിന്‍റെ ശവകുടീരം പൊളിക്കണമെന്ന് കഴിഞ്ഞയാഴ്ച ബിജെപി മന്ത്രി നിതേഷ് റാണെയും മുന്‍ പാര്‍ലമെന്‍റ് അംഗം നവനീത് റാണയും ആവശ്യപ്പെട്ടിരുന്നു. ഇതിനെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പിന്തുണച്ചിരുന്നു.

എന്നാല്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷിക്കുന്ന സ്ഥലമായതിനാല്‍ ഈ ആവശ്യങ്ങൾ നിമയപരമായി നടപ്പാക്കുന്നതിനെക്കുറിച്ച് അലോചിക്കുമെന്നും ഫഡ്നാവിസ് പറഞ്ഞിരുന്നു.

ശവകുടീരം നീക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് തിങ്കളാഴ്ച നിവേദനം സമര്‍പ്പിക്കും. ഹിന്ദുക്കളുടെ മേലുണ്ടായിരുന്ന നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലിന്‍റെയും അതിക്രമങ്ങളുടെയും അടിമത്തത്തിന്‍റെയും പ്രതീകമാണ് ഈ ശവകുടീരമെന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു. ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് തഹസില്‍ദാര്‍, ജില്ലാ കളക്റ്റർ ഓഫിസുകള്‍ക്ക് പുറത്ത് ബജ്‌റംഗ് ദളും വിഎച്ച്പിയും പ്രതിഷേധ പ്രകടനങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചതിനാൽ പ്രതിഷേധ സമരം പിന്‍വലിച്ചു.

ഇതിനിടെ ഔറംഗസേബിന്‍റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യം ഉയർന്നതോടെ ജില്ലാഭരണകൂടം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശവകുടീരം നില്‍ക്കുന്ന സ്ഥലത്തിനു ചുറ്റും റിസര്‍വ് പൊലീസിന്‍റെ യൂണിറ്റിനേയും 15 പൊലീസുകാർ, 2 മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, ഒരു യൂണിറ്റ് എസ്ആർപിഎഫ് എന്നിവരെ വിന്യസിച്ചു. മുന്‍ കുരുതലിന്‍റെ ഭാഗമായി ഏപ്രിൽ 5 വരെ സമസ്ത ഹിന്ദുത്വ അഘാഡി അംഗമായ മിലിന്ദ് എക്‌ബോടെ സംഭാജിനഗര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് പൊലീസ് വിലക്കി. സന്ദർശക പരിശോധനയും ശക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com