ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ബിൽ സംയുക്ത പാർലമെന്‍ററി സമിതിയിൽ വിശദമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം
Private investment in nuclear energy sector; Bill passed by Lok Sabha

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

Updated on

ന്യൂഡൽഹി: രാജ്യത്തെ ആണവോർജ മേഖല സ്വകാര്യ നിക്ഷേപകർക്കു തുറന്നുകൊടുക്കാൻ വഴിതുറക്കുന്ന ബിൽ ലോക്സഭ പാസാക്കി. കടുത്ത വിയോജിപ്പ് അറിയിച്ചു പ്രതിപക്ഷം സഭയിൽ നിന്ന് വോക്കൗട്ട് നടത്തുന്നതിനിടെ ശബ്ദ വോട്ടോടെയാണ് സസ്‌റ്റെയിനബിൾ ഹാർനസിങ്‌ ആൻഡ്‌ അഡ്വാൻസ്‌മെന്‍റ് ഒഫ്‌ ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്‌ഫോർമിങ്‌ ഇന്ത്യ (ശാന്തി) ബിൽ സഭ പാസാക്കിയത്. 1962ലെ ആണവോർജ നിയമത്തിനും 2010ലെ ആണവ അപകടങ്ങൾ മൂലമുണ്ടാകുന്ന സിവിൽ ബാധ്യതാ നിയമത്തിനും പകരമുള്ളതാണു ബിൽ.

ബിൽ സംയുക്ത പാർലമെന്‍ററി സമിതിയിൽ വിശദമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.

ആണവ നിലയങ്ങളും റിയാക്റ്ററുകളും നിർമിക്കാനുള്ള ലൈസൻസിന് ഇന്ത്യൻ സ്വകാര്യ കമ്പനികൾക്ക് അപേക്ഷിക്കാനാകുമെന്നതാണു ബിൽ കൊണ്ടുവരുന്ന പ്രധാന മാറ്റം. ഇതുവരെ ആണവോർജ കോർപ്പറേഷൻ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങൾക്കു മാത്രമായിരുന്നു ഈ മേഖലയിൽ പ്രവർത്തിക്കാൻ അനുമതി. ആണവദുരന്തങ്ങളുണ്ടായാൽ ബാധ്യത, പ്ലാന്‍റ് ഓപ്പറേറ്റർമാരിൽ പരിമിതപ്പെടുത്തുകയും സാമഗ്രികളുടെ വിതരണക്കാരെ അതിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നതാണ് ബില്ലിലെ മറ്റൊരു സുപ്രധാന മാറ്റം.

2047ൽ 100 ഗിഗാ വാട്ട് ആണവോർജമെന്ന ലക്ഷ്യത്തിന് ബിൽ സഹായിക്കുമെന്നു കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. എന്നാൽ, ഉപകരണം നൽകുന്നവരെ ബാധ്യതയിൽ നിന്ന് ഒഴിവാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ആവശ്യമായ സുരക്ഷാ ഉപാധികളില്ലാതെ ആണവോർജ മേഖല തുറന്നുകൊടുക്കുന്നത് അപകടകരമായ ചുവടുവയ്പ്പാണെന്നു കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. പൊതുസുരക്ഷ, പരിസ്ഥിത സംരക്ഷണം, ഇരകളുടെ നീതി എന്നിവ ഉറപ്പാക്കാതെ ഇത്തരമൊരു നടപടി സ്വീകരിക്കരുത്. ഇത് ആണവ ബില്ലാണോ അവ്യക്ത ബില്ലാണോ എന്ന് എനിക്കു മനസിലാകുന്നില്ല. ബില്ലിന്‍റെ പേര് ശാന്തിയെന്നാണ്. തടയാനാകുന്ന ഒരു അപകടത്തിനുശേഷം ഇതു ക്രൂരമായ വിരോധാഭാസമായി മാറില്ലെന്ന് ഇപ്പോൾ തന്നെ ഉറപ്പാക്കേണ്ടതുണ്ടെന്നും തരൂർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com