മുംബൈ: മഹാരാഷ്ട്രയിലെ ബദ്‌ലാപുരിൽ നഴ്സറി സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവ് പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. സ്കൂളിലെ മുൻ ശുചീകരണത്തൊഴിലാളി അക്ഷയ് ഷിൻഡെയാണ് തലോജ ജയിലിൽ നിന്നു ബദ്‌ലാപുരിലേക്കു കൊണ്ടുപോകുമ്പോൾ പൊലീസ് വാനിലുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചത്. വാൻ മുംബ്ര ബൈപ്പാസിലൂടെ പോകുമ്പോൾ പൊലീസ് കോൺസ്റ്റബിളിന്‍റെ തോക്ക് തട്ടിയെടുത്ത് വെടിവച്ച് ഇയാൾ രക്ഷപെടാൻ ശ്രമിച്ചെന്നും പ്രത്യാക്രമണത്തിലാണു ഷിൻഡെ കൊല്ലപ്പെട്ടതെന്നും പൊലീസ്. ഒരു പൊലീസുകാരനും പരുക്കേറ്റിട്ടുണ്ട്.
ഓഗസ്റ്റ് 12നാണു സ്കൂളിലെ ടൊയ്‌ലെറ്റിൽ നാലു വയസുകാരായ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടത്. സ്വകാര്യ ഭാഗത്തു വേദനയുള്ളതായി കുട്ടികളിൽ ഒരാൾ വീട്ടിൽ പറഞ്ഞപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പരിശോധിച്ച ഡോക്റ്റർ ലൈംഗികാതിക്രമം സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണു രണ്ടാമത്തെ കുട്ടിയും പീഡിപ്പിക്കപ്പെട്ടതായി അറിയുന്നത്. തുടർന്നു ബദ്‌ലാപുർ വൻ ജനകീയ പ്രക്ഷോഭത്തിനു സാക്ഷ്യം വഹിച്ചിരുന്നു.