ബദരീനാഥ് ക്ഷേത്രകൊള്ള; അന്വേഷണ സമിതി ക്ഷേത്രത്തിലെത്തി

ഗഡ്‌വാള്‍ കമ്മിഷണര്‍ ആനന്ദ് സ്വരൂപിന്‍റെ നേതൃത്വത്തിലുള്ളതാണ് മൂന്നംഗ അന്വേഷണ സമിതി
Badrinath Temple

ബദരീനാഥ് ക്ഷേത്രം

Updated on

ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെ കൊള്ളയില്‍ അന്വേഷണം കൂടുതല്‍ ശക്തമായി. ഗഡ്‌വാള്‍ കമ്മിഷണര്‍ ആനന്ദ് സ്വരൂപിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷണ സമിതി ചൊവ്വാഴ്ച ബദരീനാഥില്‍ എത്തി ക്ഷേത്രപരിസരം പരിശോധിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. കൂടാതെ ക്ഷേത്രസമിതി അധികൃതരുമായി ചര്‍ച്ചയും നടത്തി.

മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നിര്‍ദേശപ്രകാരം ജൂലൈ എട്ടിനാണ് സമിതി രൂപീകരിച്ചത്. ക്ഷേത്രത്തിലെ കാണിക്കകളും സംഭാവനകളും കൈകാര്യം ചെയ്യുന്ന സംവിധാനത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊപ്പം ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ ശുപാര്‍ശകളും സമര്‍പ്പിക്കുകയാണ് സമിതിയുടെ ചുമതല. സംഭവവുമായി ബന്ധപ്പെട്ട് ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്രസമിതി ചെയര്‍മാന്‍റെ പേഴ്‌സണല്‍ അസിസ്റ്റന്‍റായിരുന്ന പ്രമോദ് നൗട്ടിയാലിനെ പൊലീസ് നേരത്തേ അറസ്റ്റു ചെയ്തിരുന്നു. ജൂലൈ രണ്ടിനു സാമൂഹിക മാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ക്ഷേത്രസമിതി ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതോടെ ജൂലൈ ഏഴിന് ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മോഷണത്തിനും വിശ്വാസവഞ്ചനയ്ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് ചമോലി എസ്എസ്പി സുര്‍ജിത് സിങ് പന്‍വാറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com