ബദരീനാഥ് ക്ഷേത്രം തിങ്കളാഴ്ച രാത്രി അടയ്ക്കും; ഈ വർഷത്തെ ചാർധാം തീർഥാടനത്തിന് സമാപനമാകും

രാത്രി 9.37നാണ് ക്ഷേത്രനട അടയ്ക്കുകയെന്ന് ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി) ചെയർമാൻ ഹേമന്ത് ദ്വിവേദി അറിയിച്ചു
Badrinath Temple

ബദരീനാഥ് ക്ഷേത്രം

Updated on: 

ബദരീനാഥ്: ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രം ശൈത്യകാലത്തേക്ക് തിങ്കളാഴ്ച രാത്രി അടയ്ക്കും. പരമ്പരാഗത പൂജകൾക്കും ചടങ്ങുകൾക്കും ശേഷമാണ് നട അടയ്ക്കുക. ഇതോടെ ഈ വർഷത്തെ ചാർധാം തീർഥാടന സീസണിന് ഔദ്യോഗിക സമാപനമാകും. മറ്റ് ചാർധാം ക്ഷേത്രങ്ങളായ യമുനോത്രി, ഗംഗോത്രി, കേദാർനാഥ് എന്നിവ നേരത്തെ അടച്ചിരുന്നു.

രാത്രി 9.37നാണ് ക്ഷേത്രനട അടയ്ക്കുകയെന്ന് ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി) ചെയർമാൻ ഹേമന്ത് ദ്വിവേദി അറിയിച്ചു. ക്ഷേത്രം അടയ്ക്കുന്നതിന്‍റെ ഭാഗമായി പഞ്ചപൂജകൾ ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തി. രാവിലെ പ്രത്യേക പുഷ്പാഭിഷേകവും സമർപ്പിച്ചു.

ശൈത്യകാലത്തെ പൂജകൾ പാണ്ഡുകേശ്വറിലും ജ്യോതിർമഠത്തിലെ നരസിംഹ ക്ഷേത്രത്തിലും നടത്തുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഈ വർഷത്തെ തീർഥാടനം ചരിത്രപരമാണെന്ന് ദ്വിവേദി പറഞ്ഞു. ഏകദേശം 23.5 ലക്ഷം തീർഥാടകർ ബദരീനാഥ് സന്ദർശിച്ചു. ഉത്തരാഖണ്ഡിലെ നാല് ചാർധാം ക്ഷേത്രങ്ങളിലുമായി 65 ലക്ഷത്തോളം പേർ ദർശനം നടത്തി. ഹിമാലയൻ ക്ഷേത്രങ്ങൾ ശൈത്യകാലത്തേക്ക് അടച്ചശേഷവും തീർഥാടകർക്ക് ദർശനം നടത്താൻ കഴിയുന്ന വിധത്തിൽ ശൈത്യകാല തീർഥാടനം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ദ്വിവേദി പറഞ്ഞു.